ട്രോളിങ് നിരോധനം അവസാനിച്ചു
ബോട്ടുകൾ പ്രതീക്ഷയുടെ കടലിലേക്ക്

കാളമുക്ക് ഹാർബറിൽ മത്സ്യബന്ധനത്തിനായി ഉൾക്കടലിലേക്കു പോകാൻ തയ്യാറെടുക്കുന്ന ബോട്ടിലേക്ക് അറ്റകുറ്റപ്പണി നടത്തിയ വല കയറ്റുന്ന തൊഴിലാളികൾ
കൊച്ചി
രണ്ടുമാസത്തോളമുള്ള കാത്തിരിപ്പിനൊടുവിൽ ഹാർബറുകളിൽനിന്ന് മീൻപിടിത്ത ബോട്ടുകൾ കടലിലേക്ക്. 52 ദിവസത്തെ ട്രോളിങ് നിരോധനം കഴിഞ്ഞ് വ്യാഴം അർധരാത്രിയാണ് യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം തീരത്തുനിന്ന് പ്രതീക്ഷയോടെ മീൻപിടിക്കാനായി പുറപ്പെട്ടത്. ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്നുള്ള ലൈസൻസ് നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ് മുനമ്പം, വൈപ്പിൻ കാളമുക്ക്, തോപ്പുംപടി ഹാർബറുകളിൽനിന്ന് കടലിൽ പോയത്. നിരോധന കാലയളവിൽ ബോട്ടുകളെല്ലാം അറ്റകുറ്റപ്പണി നടത്തി. പെയിന്റിങ്ങടക്കം കഴിഞ്ഞ് ബോട്ടുകളെല്ലാം പുതുപുത്തനാക്കി. ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയവയെല്ലാം ബോട്ടിലുണ്ട്.
ട്രോളിങ് നിരോധന കാലയളവിൽ ചെറുവള്ളങ്ങളിലും മറ്റുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നെങ്കിലും കനത്ത മഴയും പ്രതികൂല കാലാവസ്ഥയുംമൂലം മീൻ ലഭിച്ചിരുന്നില്ല. മീൻലഭ്യത കുറഞ്ഞതോടെ, വിലയിൽ വൻ വർധനയുണ്ടായി. ഇതോടെ കായൽ, പുഴ മീനുകൾക്കും ആവശ്യക്കാരേറി.
മീനുകളുടെ പ്രജനനകാലത്തെ ട്രോളിങ് നിരോധനം അവസാനിച്ച് ബോട്ടുകൾ ഇറങ്ങുമ്പോൾ പ്രതീക്ഷയിലാണ് തൊഴിലാളികൾ. വില കുറയുമെന്ന പ്രതീക്ഷയിൽ മീൻ ഭക്ഷണപ്രിയരും. നിരോധനകാലത്ത് നാട്ടിലേക്ക് മടങ്ങിയിരുന്ന കുളച്ചലിൽനിന്ന് ഉൾപ്പെടെയുള്ള പതിനായിരത്തോളം തൊഴിലാളികളിൽ ഭൂരിഭാഗവും തിരിച്ചെത്തി. ഇതോടെ തുറമുഖങ്ങളും അനുബന്ധകേന്ദ്രങ്ങളും വീണ്ടും സജീവമായി.









0 comments