ട്രോളിങ്‌ നിരോധനം ഇന്ന്‌ അവസാനിക്കും

വല നിറയെ പ്രതീക്ഷയോടെ തൊഴിലാളികൾ കടലിലേക്ക്‌

Mansoon Trolling Ban

കടലിൽ പോകുന്നതിന് മുന്നോടിയായി മീൻപിടിത്ത ബോട്ടിൽ അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്ന തൊഴിലാളികൾ. വൈപ്പിൻ കാളമുക്ക് ഹാർബറിൽനിന്നുള്ള ദൃശ്യം. ഫോട്ടോ: സുനോജ് നൈനാൻ മാത്യു

വെബ് ഡെസ്ക്

Published on Jul 31, 2025, 03:00 AM | 1 min read


കൊച്ചി

അമ്പത്തിരണ്ട്‌ ദിവസത്തെ ട്രോളിങ് നിരോധനം വ്യാഴാഴ്‌ച രാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറുകളിൽ പ്രതീക്ഷയോടെ ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ ബോട്ടുകൾ കടലിൽ ഇറങ്ങും. യന്ത്രവൽകൃത ബോട്ടുകളും എൻജിൻ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ്‌ കേരള തീരത്തുനിന്ന്‌ മത്സ്യബന്ധനത്തിന്‌ തയ്യാറെടുക്കുന്നത്‌.


ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്നുള്ള ലൈസൻസ്‌ നേടിയ 150 ബോട്ടുകളുമടക്കം 750 ബോട്ടുകളാണ്‌ മുനമ്പം, വൈപ്പിൻ കാളമുക്ക്‌, തോപ്പുപടി എന്നീ ഹാർബറുകളിൽനിന്ന്‌ കടലിൽ പോകാൻ തയ്യാറെടുക്കുന്നത്‌. വല നിറയെ മീൻ പ്രതീക്ഷിച്ച്‌ ഇതരസംസ്ഥാന തൊഴിലാളികളും എത്തിത്തുടങ്ങി. ബോട്ടുകളിൽ കുളച്ചലിൽനിന്നുൾപ്പെടെയുള്ള എഴുപതിനായിരത്തോളം തൊഴിലാളികളാണ്‌ ഈ മേഖലയിൽ ജോലി ചെയ്യുന്നത്‌. മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽവന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബോട്ടുകളിൽ ഐസ് നിറച്ചുതുടങ്ങി. ഡീസൽ, കുടിവെള്ളം എന്നിവയും ശേഖരിച്ചാണ്‌ തൊഴിലാളികൾ കടലിലേക്ക്‌ പോകുന്നത്‌. ട്രോളിങ് നിരോധനസമയത്ത് മാറ്റിയ വലകൾ, ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഘടിപ്പിച്ച്‌ ബോട്ടുകൾ തയ്യാറായിക്കഴിഞ്ഞു. ബോട്ടുകളുടെ പെയിന്റിങ്‌ നേരത്തേ പൂർത്തിയാക്കി. വലകളും കയറുകളും ബോട്ടിൽ എത്തിച്ചുകഴിഞ്ഞു.


പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ട്രോളിങ് നിരോധന കാലയളവിൽ കടലിൽ പോയെങ്കിലും കനത്ത മഴയും പ്രതികൂല കാലാവസ്ഥയുംമൂലം മീൻലഭ്യത കുറവായിരുന്നു. ലഭ്യത കുറവായത്‌ മീനിന്റെ വിലയിലും വലിയ വർധനയുണ്ടാക്കി. കായൽ, പുഴ മീനുകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. ട്രോളിങ് നിരോധനം അവസാനിക്കുമ്പോൾ കൂടുതൽ മീൻ ലഭിക്കുന്നതോടെ വിലയിലും മാറ്റമുണ്ടാകും. ബോട്ടുകൾ കടലിലിറങ്ങുന്നതോടെ മീൻപിടിത്ത തുറമുഖങ്ങളും മത്സ്യബന്ധന അനുബന്ധ കേന്ദ്രങ്ങളും സജീവമാകും.



deshabhimani section

Related News

View More
0 comments
Sort by

Home