വൃത്തിയുടെ വിജയഗാഥ ; സ്വച്ഛ്‌ 
സർവേക്‌ഷൻ ദേശീയ 
റാങ്കിങ്ങിൽ 
കേരളത്തിൽ 
കൊച്ചി ഒന്നാമത്

Malinya Muktham Nava Keralam kochi
വെബ് ഡെസ്ക്

Published on Jul 18, 2025, 04:18 AM | 3 min read


കൊച്ചി

സ്വച്ഛ് സർവേക്‌ഷൻ നാഷണൽ റാങ്കിങ്ങിൽ കേരളത്തിൽ കൊച്ചി ഒന്നാമത്‌. ദേശീയതലത്തിൽ 50–--ാംസ്ഥാനത്താണ്‌ നഗരം. ലോകത്തിലെ ഏറ്റവും വലിയ നഗരശുചിത്വ സർവേയുടെ ഒമ്പതാംപതിപ്പിലാണ്‌ കേരളത്തിലെ മികച്ച ശുചിത്വനഗരമായി കൊച്ചി കോർപറേഷനെ തെരഞ്ഞെടുത്തത്‌. മുമ്പ്‌ 416–--ാംസ്ഥാനത്തായിരുന്നു കൊച്ചി.

2024ലെ സർവേയിൽ നാലു പ്രധാന ഘടകങ്ങളായിരുന്നു മാനദണ്ഡം. ആദ്യരണ്ടിൽ നഗരശുചിത്വം സംബന്ധിച്ച് പൊതുജനാഭിപ്രായമായിരുന്നു. മാലിന്യസംസ്കരണ സൗകര്യങ്ങളുടെ വിലയിരുത്തൽ, നേരിട്ടുള്ള പരിശോധന എന്നിവയായിരുന്നു മൂന്നും നാലും ഘടകങ്ങൾ. ശുചിത്വം, നഗരസൗന്ദര്യവൽക്കരണം, ജൈവ- അജൈവ മാലിന്യസംസ്കരണം, മലിനജല സംസ്കരണം തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധനയിൽ ഉൾപ്പെട്ടു.


സ്വച്ഛ് സർവേക്‌ഷൻ ആരംഭിച്ചശേഷം ആദ്യമായാണ് കേരളത്തിലെ നഗരം ദേശീയതലത്തിൽ 50–--ാംസ്ഥാനത്ത്‌ എത്തുന്നത്. സംസ്ഥാനത്തെ മറ്റു നഗരങ്ങളേക്കാൾ മുന്നിലെത്താൻ കൊച്ചിക്ക്‌ കരുത്തായത്‌ ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള മാലിന്യസംസ്‌കരണ പദ്ധതികളാണ്. ഇവിടെ ബയോമൈനിങ്‌ പൂർത്തീകരണഘട്ടത്തിലാണ്. 100 ടൺ ശേഷിയുള്ള ബിഎസ്എഫ് പ്ലാന്റ്‌, വിവിധയിടങ്ങളിലുള്ള ബോട്ടിൽ ബൂത്തുകൾ, ആർആർഎഫ് പ്ലാന്റുകൾ, കണ്ടെയ്നർ എംസിഎഫുകൾ എന്നിവയും മാലിന്യസംസ്കരണ രംഗത്തെ ‘കൊച്ചി’മോഡലാണ്‌. വില്ലിങ്‌ടൺ ഐലൻഡ്‌, എളംകുളം തുടങ്ങിയ സ്ഥലങ്ങളിലെ എഫ്എസ്ടിപി, കലൂർ മണപ്പാട്ടിപ്പറമ്പിലെ ഒഡബ്ല്യുസി പ്ലാന്റ്‌ തുടങ്ങിയവയും ഫീൽഡ് പരിശോധയിൽ ഉൾപ്പെട്ടിരുന്നു. ശുചിത്വം, മാലിന്യസംസ്കരണം, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കൊച്ചി കോർപറേഷനായി. ബ്രഹ്മപുരത്ത് സിബിജി പ്ലാന്റ്‌ ഉടൻ പ്രവർത്തനം ആരംഭിക്കും.

മൂന്നുലക്ഷംമുതൽ പത്തുലക്ഷംവരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ് കൊച്ചിയുടെ നേട്ടം. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര പാർപ്പിട- നഗരകാര്യ മന്ത്രാലയം നടത്തുന്ന വാർഷിക ശുചിത്വ സർവേയാണ് സ്വച്ഛ് സർവേക്‌ഷൻ.


വൃത്തിയുടെ വിജയഗാഥ

മാലിന്യ നിർമാർജന, സംസ്‌കരണ മേഖലയിൽ കൊച്ചി രചിച്ച വൃത്തിയുടെ വിജയഗാഥയ്‌ക്കിതാ അംഗീകാരത്തിന്റെ പൊൻതിളക്കം. സ്വച്ഛ്‌ സർവേക്‌ഷൻ ദേശീയ റാങ്കിങ്ങിൽ 50–-ാം സ്ഥാനമാണ്‌ ശാസ്‌ത്രീയതയും ജനകീയതയും ഒത്തുചേർന്ന ശുചിത്വപദ്ധതികളിലൂടെ കൊച്ചി നേടിയത്‌. ദേശീയ റാങ്കിങ്‌ കണക്കിലെടുക്കുമ്പോൾ കേരളത്തിലെ ഒന്നാമത്തെ നഗരവും കൊച്ചിതന്നെ.


കോർപറേഷനും സംസ്ഥാന സർക്കാരും കൈകോർത്താണ്‌ മഹാനഗരത്തിന്റെ മുഖച്ഛായ മാറ്റിയത്‌. ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം വഴിത്തിരിവായി. മലയോളം പോന്ന മാലിന്യശേഖരത്തെ ഇല്ലാതാക്കി രാജ്യത്തിന്‌ മാതൃകയാകുന്ന മാലിന്യസംസ്‌കരണ പദ്ധതിക്ക്‌ ബ്രഹ്മപുരത്ത്‌ തുടക്കംകുറിച്ചു. ബിപിസിഎൽ സഹകരണത്തോടെ നിർമിക്കുന്ന 150 ടൺ ശേഷിയുള്ള സിബിജി പ്ലാന്റാണ്‌ ഇതിൽ പ്രധാനം. ബയോ മൈനിങ്‌ അന്തിമഘട്ടത്തിലേക്ക്‌ അടുക്കുന്നു. 8.4 ലക്ഷം മെട്രിക് ടൺ മാലിന്യത്തിൽ 6.49 ലക്ഷം മെട്രിക് ടൺ ഇതിലൂടെ നീക്കി. 18 ഏക്കർ തിരിച്ചുപിടിച്ചു. രണ്ടു ബിഎസ്‌എഫ്‌ പ്ലാന്റുകൾ പ്രവർത്തിക്കുന്നു. സാനിറ്ററി നാപ്കിൻ കൈകാര്യം ചെയ്യാൻ മൂന്നു ടൺ ശേഷിയുള്ള ഇൻസിനറേറ്റർ സജജമാക്കി. 50 ടിപിഡി വിൻഡ്രോ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയിടുന്നു.


798 ഹരിതകർമസേന അംഗങ്ങളാണ് അജൈവമാലിന്യ ശേഖരണത്തിന്‌ കോർപറേഷനു കീഴിലുള്ളത്‌. 58 കണ്ടെയ്നർ എംസിഎഫുകൾ, അഞ്ച്‌ ആർആർഎഫുകൾ, 368 ബോട്ടിൽ ബൂത്തുകൾ എന്നിവയും ഒരുക്കി. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിനും കാർഷികമേഖലയ്‌ക്കും മാതൃകയായ ഹീൽ പൊന്നുരുന്നി, സെപ്റ്റേജ് ശേഖരണവും മറ്റു മാലിന്യസംസ്കരണ സംവിധാനങ്ങളും കാര്യക്ഷമമാക്കാനുള്ള ‘മൈ കൊച്ചി’ ആപ് എന്നിവയും കൊച്ചിയുടെ ശുചിത്വത്തിലേക്കുള്ള മുന്നേറ്റത്തെ തുണച്ചു.


നേടി വൺ സ്റ്റാർ റേറ്റിങ്‌; 
ഒഡിഎഫ്‌ പ്ലസ്‌ പ്ലസ്‌

മാലിന്യരഹിത നഗരം റേറ്റിങ്ങിൽ കൊച്ചി വൺ സ്റ്റാർ റേറ്റിങ്‌ നേടി. ഖരമാലിന്യ സംസ്കരണത്തിന്റെ കാര്യക്ഷമത, ശാസ്ത്രീയമായ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്കരണസംവിധാനങ്ങളും, പൊതുജനപങ്കാളിത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാർബേജ്‌ ഫ്രീ സിറ്റീസ്‌ (ജിഎഫ്സി) സ്റ്റാർ റേറ്റിങ്‌ നിശ്ചയിച്ചത്. 1, 3, 5, 7 എന്നിങ്ങനെ വിവിധതലങ്ങളിലുള്ള സ്റ്റാർ റേറ്റിങ്ങുകൾ നഗരസഭയുടെ സമഗ്രമായ മാലിന്യനിർമാർജനത്തെയും ശുചിത്വസംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് നൽകുന്നത്. വെളിയിട വിസർജന മുക്ത (ഒഡിഎഫ്) റേറ്റിങ്ങിൽ കൊച്ചി ഒഡിഎഫ് പ്ലസ് പ്ലസും കൈവരിച്ചു.


രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാകും

കൂടുതൽ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാകാൻ കൊച്ചി കോർപറേഷന്‌ കഴിയുമെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. ഈ നേട്ടം ചെറുതല്ല. എങ്കിലും ഇനിയും മുന്നേറാനുണ്ട്. ഒന്നാംസ്ഥാനത്ത് എത്താൻ പലതും ചെയ്യാനുമുണ്ട്. അംഗീകാരത്തിനു പിന്നിൽ നിരവധിപേരുടെ പ്രയത്‌നമുണ്ട്. മന്ത്രിമാരായ എം ബി രാജേഷ്, മന്ത്രി പി രാജീവ്, മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ നഗരസഭാ സെക്രട്ടറി ബാബു അബ്ദുൾ ഖാദിർ എന്നിവരുടെ പങ്ക് സ്മരണീയമാണ്‌. ഹൈക്കോടതിയുടെ നിർദേശങ്ങളും സഹായകമായി. ഹരിതകർമസേന, ശുചീകരണത്തൊഴിലാളികൾ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പ്രധാന പങ്കുവഹിച്ചു. പൊതുജനങ്ങളുടെ സഹകരണവും നിർണായകമായെന്നും -മേയർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home