സാനു മാമനെ നഷ്ടമായ വേദനയിൽ തോട്ടുംമുഖം ശ്രീനാരായണഗിരി അന്തേവാസികൾ

തോട്ടുംമുഖം ശ്രീനാരായണഗിരിയിലെ കുട്ടികൾ അന്ത്യോപചാരം അർപ്പിക്കുന്നു
എം പി നിത്യൻ
Published on Aug 04, 2025, 02:45 AM | 1 min read
ആലുവ
‘‘ഞങ്ങൾക്കെല്ലാമായിരുന്നു. സ്നേഹ, വാത്സല്യങ്ങൾ നുകർന്ന് കൊതി തീർന്നിട്ടില്ലായിരുന്നു. ഇനിയാ സ്നേഹം ഇല്ലെന്ന് ഓർക്കുമ്പോൾ...’’ തോട്ടുംമുഖം ശ്രീനാരായണഗിരി അന്തേവാസികളുടെ വാക്കുകൾ പാതിമുറിഞ്ഞു. എം കെ സാനുവിനെ അവസാനമായി കണ്ടപ്പോൾ അവരുടെ മുഖത്ത് സങ്കടത്തിന്റെ കാർമേഘം പടർന്നു.
ശ്രീനാരായണഗിരി എം കെ സാനു മാഷിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. ഇവിടെയുള്ള അന്തേവാസികൾക്ക് സാനു മാഷ് സാനു മാമനായിരുന്നു.
അവസാനമായി മാഷ് ശ്രീനാരായണഗിരിയിൽ എത്തിയത് പിറന്നാൾ ആഘോഷിക്കാനാണ്. ഇവിടവുമായുള്ള ആത്മബന്ധം കണ്ഠമിടറിയാണ് സാനു മാഷ് പ്രഭാഷണത്തിലൂടെ വിവരിച്ചത്. സഹോദരൻ അയ്യപ്പനും ഭാര്യ പാർവതി അയ്യപ്പനും ചേർന്നാണ് ശ്രീനാരായണഗിരി സ്ഥാപിച്ചത്. ശ്രീനാരായണഗുരു ധ്യാനത്തിലിരുന്ന ശിലയും സഹോദരൻ അയ്യപ്പനും ഭാര്യ പാർവതിയും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപവും ഇവിടെയുണ്ട്. ഗിരിയിലെ ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്താൻ പാർവതി അയ്യപ്പനൊപ്പം സാനു മാഷും മുന്നിലുണ്ടായിരുന്നു. ഏറെ ദുരിതമനുഭവിച്ച ആദ്യനാളുകളിൽ ഗിരിക്കായി ശിവരാത്രി മണപ്പുറത്ത്
പണം സമാഹരിക്കുന്നതിന് കുഞ്ഞുങ്ങളോടൊപ്പം നിലക്കടല കച്ചവടത്തിനും പോയിട്ടുണ്ട്. പണമില്ലാത്ത കാലത്ത് കാർഷികോൽപ്പന്നങ്ങളുമായും സാനു മാഷ് ഗിരിയിലെത്തിയിരുന്നു.









0 comments