ഓർമകൾ ബാക്കി ; മൂകമായി 'സന്ധ്യ'

കൊച്ചി
പ്രൊഫ. എം കെ സാനുവിന്റെ മൃതദേഹം കാരിക്കാമുറി ക്രോസ്റോഡിലെ വീടായ "സന്ധ്യ'യിലേക്ക് എത്തിക്കുമ്പോൾ ആദരാഞ്ജലി അർപ്പിക്കാൻ വലിയ ജനാവലിയാണ് കാത്തുനിന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ശിഷ്യരുമെല്ലാം പ്രിയപ്പെട്ട മാഷിനെ അവസാനമായി കാണാൻ എത്തി. ഒരുപാട് സർഗാത്മകസംഭാഷണങ്ങൾക്കും ഒത്തുചേരലുകൾക്കും സാക്ഷിയായ "സന്ധ്യ'യിൽ ഓർമകളുടെ സാഗരം ബാക്കിയാക്കിയാണ് എം കെ സാനുവിന്റെ മടക്കം. വീടിനുമുന്നിലെ പന്തലിലും റോഡിലേക്കും മാഷിനെ കാണാനെത്തിയവരുടെ നിര നീണ്ടു. കാണാനെത്തിയ ശിഷ്യരിൽ പലരുടെയും കണ്ണുനിറഞ്ഞു. ശ്രീനാരായണഗുരുവിന്റെ പ്രതിമയും പുസ്തകങ്ങളും മാഷിന്റെ സമ്പൂർണകൃതികളുടെ ശേഖരവുമുള്ള ‘സന്ധ്യ’യിലെ സ്വീകരണമുറിയിലിരുന്നാണ് സാനു മാഷ് എല്ലാവരുമായും സംസാരിച്ചിരുന്നത്. പുഞ്ചിരിയോടെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തുന്ന മാഷിന്റെ മുഖമായിരുന്നു എല്ലാവരുടെയും മനസ്സിൽ.
അമൃത ആശുപത്രിയിൽനിന്ന് ഞായർ രാവിലെ 8.45നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി എസ് സതീഷ്, ഡോ. സി കെ രാമചന്ദ്രൻ, എഴുത്തുകാരൻ കെ എൽ മോഹനവർമ, പ്രൊഫ. എം തോമസ് മാത്യു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
കുഞ്ഞുസാനു അറിഞ്ഞു, ലഹളയുടെ ഭ്രാന്ത്
കുട്ടിയായിരിക്കുമ്പോൾ ആലപ്പുഴ നഗരത്തിലുണ്ടായ ഒരു വർഗീയലഹള നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട് സാനു. ലഹള ആരംഭിച്ചാൽ മനുഷ്യർ എങ്ങനെ മൃഗങ്ങളായി മാറുമെന്ന് ഇളംപ്രായത്തിൽത്തന്നെ മനസ്സിലാക്കാൻ സാധിച്ചത് ഇതോടെയാണെന്ന് മാഷ് ആത്മകഥയായ "കർമഗതി'യിൽ ഓർമിച്ചിരുന്നു.
സാനുവിന്റെ തുമ്പോളിയിലെ തറവാട്ടുവീടിന്റെ മുന്നിലൂടെയാണ് ആലപ്പുഴ പട്ടണത്തിലേക്കുള്ള വഴി. ഒരിക്കൽ വഴിയിൽ പതിവില്ലാത്ത ഇരമ്പൽ കേട്ടു. മഴു അടക്കം ആയുധങ്ങളുമായി ഒരുകൂട്ടം ആളുകൾ യുദ്ധത്തിനെന്നമട്ടിൽ പോകുന്നു. പട്ടണത്തിലെ ചില ഭാഗങ്ങളിൽ മുസ്ലിങ്ങൾ ചിലരെ തല്ലിയെന്നും യുവതികളെ അപമാനിച്ചെന്നും കിംവദന്തികൾ പരന്നു. അവിടേക്കാണ് മറ്റു മൂന്ന് സമുദായക്കാരുടെ പടപ്പുറപ്പാട്.
സാനുവിന്റെ അച്ഛൻ പട്ടണത്തിൽ തുണിക്കട നടത്തിയിരുന്നു. അദ്ദേഹം രാത്രി കടയടച്ചശേഷം വരുന്നത് മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുകൂടിയാണ്. ഇത് സാനുവിന്റെ അമ്മയ്‌ക്ക് ആധിയുണ്ടാക്കി. അച്ഛൻ എത്തിയപ്പോൾ "എങ്ങനെ രക്ഷപ്പെട്ടു' എന്നായി വലിയച്ഛൻ. തന്നെ സംരക്ഷിച്ച് എത്തിച്ചത് മുസ്ലിം സഹോദരങ്ങളാണ് എന്നായിരുന്നു അച്ഛന്റെ മറുപടി. മുസ്ലിങ്ങളുടെ കടകൾ കത്തിക്കുന്നു, വീടുകളും ആക്രമിക്കാൻ പോകുന്നു എന്ന് അവർക്കിടയിലും പ്രചരിച്ചിരുന്നു. ഇരുപക്ഷത്തും പ്രചരിച്ച കഥകളൊന്നും സത്യമായിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. പട്ടാളം ഇറങ്ങിയാണ് ലഹള ശമിപ്പിച്ചത്. അതിനകം കുറച്ചുപേർ ഇരുഭാഗത്തും കൊല്ലപ്പെട്ടു. കിംവദന്തികൾ മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്നതിനാൽ മാഷ് എന്നും അത്തരം വിഭാഗീയപ്രചാരണങ്ങൾക്കെതിരെ നിലകൊണ്ടു.









0 comments