പ്രൊഫ. എം കെ സാനു
ഗവേഷണ കേന്ദ്രം ആരംഭിച്ചു

മഹാഗുരുനാഥന്‌ സ്‌മരണാഞ്ജലി

m k sanu

അന്തരിച്ച പ്രൊഫ. എം കെ സാനുവിന്റെ 99–ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള "വാഗർഥം' പ്രഭാഷണ പരന്പരയിൽ ഡോ. എസ്‌ കെ വസന്തൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 28, 2025, 01:15 AM | 2 min read

കൊച്ചി

തലമുറകളുടെ ഗുരുനാഥൻ അന്തരിച്ച പ്രൊഫ. എം കെ സാനുവിന്റെ 99–ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള "വാഗർഥം' പ്രഭാഷണ പരമ്പരയ്‌ക്ക്‌ മഹാരാജാസിൽ തുടക്കമായി. മൂന്നുപതിറ്റാണ്ടിലേറെ മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന എം കെ സാനു, സാഹിത്യ വിമർശകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം സാംസ്‌കാരികമണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്നു. മഹാരാജാസിലെ മഹാവൃക്ഷങ്ങൾപോലെ വിദ്യാർഥികൾക്കെന്നും തണലായിരുന്നു. എഴുത്തിലെ കണിശതയും പ്രഭാഷണങ്ങളിലെ പുതുമയുംകൊണ്ട്‌ മാഷ്‌ എല്ലാവർക്കും പ്രിയങ്കരനായി.

മഹാരാജാസ്‌ ജിഎൻആർ ഹാളിൽ കവി കെ വി രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.


വാഗർഥത്തെ അന്വർഥമാക്കിയ മലയാളത്തിന്റെ നിരൂപക പ്രതിഭയാണ് എം കെ സാനുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എസ്‌ കെ വസന്തൻ ‘സാഹിത്യ വിമർശനം: പ്രസക്തിയും വ്യാപ്‌തിയും’ വിഷയത്തിൽ പരമ്പരയിലെ ആദ്യപ്രഭാഷണം നടത്തി. സമകാലിക മലയാള നിരൂപണം ഏറെ പരമ്പരാഗത സിദ്ധാന്തങ്ങൾക്ക് പുറകെയാണ്‌. സാനുമാഷെന്ന നിരൂപണ പ്രതിഭ അരങ്ങുതകർത്താടിയ സാഹിത്യനിരൂപണരംഗത്ത്‌ പുതുവഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ്‌ ഡോ. പി കെ ശ്രീകുമാർ അധ്യക്ഷനായി. എം കെ സാനുവിന്റെ മകൻ എം എസ്‌ രഞ്ജിത്‌, കോളേജ്‌ അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ടി വി സുജ, ഡോ. എം എസ്‌ മുരളി, പി എസ്‌ ശർമിള എന്നിവർ സംസാരിച്ചു.


സാനു ജയന്തി സ്‌മാരക പ്രഭാഷണം

ചാവറ കൾച്ചറൽ സെന്ററും എം കെ സാനു ഫ‍ൗണ്ടേഷനും ചേർന്ന്‌ സാനു ജയന്തി സ്‌മാരക പ്രഭാഷണം സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ്‌ ചാൻസലർ ഡോ. എം വി നാരായണൻ ‘മലയാളത്തിന്‌ തനത്‌ വിമർശന പദ്ധതികൾ സാധ്യമാണോ’ വിഷയത്തിൽ പ്രഭാഷണം നടത്തി. ആധുനിക വിമർശന സാഹിത്യം ഇറക്കുമതിചെയ്‌ത ഒന്നായി നിൽക്കുന്നതായും നമ്മുടെ സംസ്‌കാരത്തോട്‌ സംവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഫ‍ൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം തോമസ്‌ മാത്യു അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി ജെ ചെറിയാൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്‌ തുടങ്ങിയവർ സംസാരിച്ചു. ​ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാനുമാഷിന്റെ വസതിയായ കാരിക്കാമുറിയിലെ "സന്ധ്യ’യിലെത്തി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.


പ്രൊഫ. എം കെ സാനു
ഗവേഷണ കേന്ദ്രം ആരംഭിച്ചു

എറണാകുളം പ്രബോധ ട്രസ്റ്റ്‌ ആരംഭിച്ച പ്രൊഫ. എം കെ സാനു പഠന ഗവേഷണ കേന്ദ്രം ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫ. എസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.


പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ അധ്യക്ഷനായി. എം കെ സാനുവിന്റെ മകളും റിട്ട. അസോസിയറ്റ് പ്രൊഫസറുമായ എം എസ് ഗീത, ട്രസ്റ്റ്‌ സെക്രട്ടറി ഡി ഡി നവീൻകുമാർ, ഡോ. കെ രാധാകൃഷ്ണൻ, അഡ്വ. ഡി ജി സുരേഷ്, ഡോ. പി യു ലീല, ഡോ. സ്മൃതി എസ് ബാബു, ബി എസ് ശരത് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എം കെ സാനുവിന്റെ സന്പൂർണ കൃതികൾ വിദ്യാർഥികളിലെത്തിക്കും.


m k sanu




deshabhimani section

Related News

View More
0 comments
Sort by

Home