പ്രൊഫ. എം കെ സാനു എക്കാലവും മനുഷ്യനുവേണ്ടി 
നിലകൊണ്ടയാൾ : സി എൻ മോഹനൻ

m k sanu
വെബ് ഡെസ്ക്

Published on Aug 12, 2025, 02:44 AM | 1 min read


കൊച്ചി

എക്കാലവും മനുഷ്യനുവേണ്ടി നിലകൊണ്ടയാളാണ്‌ പ്രൊഫ. എം കെ സാനുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ പറഞ്ഞു. ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, പുരോഗമന കലാസാഹിത്യ സംഘം, പി ജെ ആന്റണി ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫ. എം കെ സാനു അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മനുഷ്യസ്വാതന്ത്ര്യത്തിനായുള്ള പ്രശ്‌നങ്ങളിൽ ഇടപെടാൻ എപ്പോഴും മുന്നിലുണ്ടായിരുന്നു സാനു മാഷ്‌. പലരും കൂട്ടുപിടിക്കാനെത്തിയപ്പോഴും നിലപാടുകളിൽനിന്ന്‌ വ്യതിചലിച്ചില്ല. ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമാണത്തിൽ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും നിരന്തരമായ ഇടപെടലും എടുത്തുപറയേണ്ടതാണ്‌. സാംസ്‌കാരിക കേന്ദ്രത്തിന്റെ ചെയർമാൻ എന്ന നിലയിൽ പ്രവർത്തനങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ നൽകി. അദ്ദേഹത്തിന്റെ സ്‌മരണ നിലനിർത്തുന്നതിന്‌ ഉചിതമായ സ്‌മാരകം നിർമിക്കുന്ന പ്രവർത്തനങ്ങൾ ഒരുമിച്ച്‌ ഏറ്റെടുക്കണമെന്നും സി എൻ മോഹനൻ പറഞ്ഞു.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ, ഡോ. കെ ജി പ‍ൗലോസ്‌, സേവ്യർ പുൽപ്പാട്ട്‌, പൂയപ്പിള്ളി തങ്കപ്പൻ, എൻ ഡി പ്രേമചന്ദ്രൻ, രവിത ഹരിദാസ്‌, ഡോ. ചന്ദ്രദാസ്‌ തുടങ്ങിയവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home