ചിതാഭസ്മം പെരിയാറിൽ നിമജ്ജനം ചെയ്തു
ശ്രീനാരായണഗിരിയിൽ എം കെ സാനുവിന് സ്മൃതിമണ്ഡപം ഒരുങ്ങും

ആലുവ
കീഴ്മാട് വാല്മീകിക്കുന്നിലെ ശ്രീനാരായണഗിരിയിൽ ശ്രീനാരായണഗുരു ധ്യാനത്തിലിരുന്ന ശിലയ്ക്കും സഹോദരൻ അയ്യപ്പനും ഭാര്യ പാർവതിയും അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിനും അരികിൽ പ്രൊഫ. എം കെ സാനുവിന് സ്മൃതിമണ്ഡപം ഒരുങ്ങും. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഇവിടെ സൂക്ഷിക്കും. സഹോദരന്‍ അയ്യപ്പനും ഭാര്യ പാര്‍വതി അയ്യപ്പനും ചേര്‍ന്ന് ശ്രീനാരായണഗിരി സ്ഥാപിച്ച കാലംമുതലുള്ള ആത്മബന്ധം എം കെ സാനു മരണംവരെ തുടർന്നു. ഗിരിയിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സാനുമാഷ്, മാസത്തിൽ ഒരുതവണയെങ്കിലും ഇവിടെ എത്തിയിരുന്നു.
അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം എന്ന നിലയിലാണ് വാല്മീകിക്കുന്നില്‍ സ്മൃതിമണ്ഡപം ഒരുക്കുന്നതെന്ന് സ്വാമി ധർമചൈതന്യ പറഞ്ഞു. സ്മൃതിമണ്ഡപത്തില്‍ സൂക്ഷിക്കാനായി മണ്‍കുടത്തിലാക്കിയ ചിതാഭസ്മം മക്കളില്‍നിന്ന് അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു.
ചിതാഭസ്മം പെരിയാറിൽ നിമജ്ജനം ചെയ്തു
പലമത സാരവും ഒന്നെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ നെഞ്ചേറ്റിയ മലയാളത്തിന്റെ പ്രിയപ്പെട്ട പ്രൊഫ. എം കെ സാനുവിന്റെ ചിതാഭസ്മം പെരിയാർ ഏറ്റുവാങ്ങി. ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തില്‍ വ്യാഴം രാവിലെ ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ ഏഴിന് ചിതാഭസ്മവുമായി മക്കളും കുടുംബാംഗങ്ങളും ആശ്രമത്തിലെത്തി. ആശ്രമത്തിലെ ബലിപ്പുരയ്ക്കുസമീപം മേല്‍ശാന്തി ജയന്തന്‍ സ്വാമി പൂജകള്‍ നടത്തി. തുടര്‍ന്ന് മക്കളും ചെറുമക്കളും ചേര്‍ന്ന് പെരിയാറിൽ അസ്ഥി നിമജ്ജനം ചെയ്തു. മക്കളായ രഞ്ജിത്, ഹാരിസ്, രേഖ, ഗീത, സീത, ചെറുമക്കള്‍, ബന്ധുക്കള്‍, സന്തതസഹചാരി ഇ അബ്ദുള്‍കലാം തുടങ്ങി സാനുവിനെ സ്‌നേഹിച്ചിരുന്നവരും ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് അദ്വൈതാശ്രമത്തിൽ ഗുരുപൂജയും നടത്തിയാണ് അവര്‍ മടങ്ങിയത്. രണ്ടുവർഷംമുമ്പ് മരിച്ച എം കെ സാനുവിന്റെ ഭാര്യ രത്നമ്മയുടെ ചിതാഭസ്മവും ഇവിടെയാണ് നിമജ്ജനം ചെയ്തത്.









0 comments