കർഷകമനസ്സറിഞ്ഞ് ശ്രീകാന്ത്

ജില്ലാപഞ്ചായത്ത് വാളകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശ്രീകാന്ത് വോട്ട് തേടുന്നു
പി ജി ബിജു
Published on Nov 17, 2025, 02:15 AM | 1 min read
മൂവാറ്റുപുഴ
കർഷകരുടെ മനസ്സറിയുന്ന എൽഡിഎഫ് സ്ഥാനാർഥി കെ കെ ശ്രീകാന്തിനെ വരവേറ്റ് നാടും നാട്ടുകാരും. ജില്ലാപഞ്ചായത്ത് വാളകം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശ്രീകാന്തിന് മാറാടി, പായിപ്ര പഞ്ചായത്തുകളിൽ ഞായറാഴ്‌ച ലഭിച്ചത് ഹൃദ്യമായ വരവേൽപ്. പുതിയകാലത്ത് നാടിന്റെ വികസനസങ്കൽപ്പങ്ങളെ തിരിച്ചറിയുന്ന യുവത്വത്തിന്റെ പ്രതിനിധിയായ ശ്രീകാന്തിന് കാർഷിക മേഖലയായ വാളകത്ത് വോട്ടർമാർ വിജയം ആശംസിച്ചു. കർഷകരുടെ ആവശ്യങ്ങളും കൃഷിയുമാണ് വാളകത്ത് കൂടുതൽ ചർച്ച ചെയ്യുന്നത്.
ഞായർ രാവിലെ പ്രമുഖ വ്യക്തികളെ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചുമാണ് പര്യടനം തുടങ്ങിയത്. മാറാടി പഞ്ചായത്തിലെ കായനാട്, കുരുക്കുന്നപുരം, വടക്കൻമാറാടി എന്നിവിടങ്ങളിലെ പള്ളികളിലെത്തി വൈദികരെയും വിശ്വാസികളെയും കണ്ട് വോട്ടഭ്യർഥിച്ചു.
പായിപ്ര പഞ്ചായത്തിലെ എള്ളുമലപ്പടി, പള്ളിപ്പടി, കൂരിക്കാവ് എന്നിവിടങ്ങളിൽ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും സ്നേഹസ്വീകരണം. മുളവൂരിലെ ആട്ടായം, നിരപ്പ് എന്നിവിടങ്ങളിലുമെത്തി വോട്ടർമാരെ കണ്ടു. വാർഡ് യോഗങ്ങളിലും പങ്കെടുത്തു. പായിപ്ര പഞ്ചായത്തിന്റെ വികസനമുരടിപ്പ് വോട്ടർമാർ ശ്രദ്ധയിൽപ്പെടുത്തി.
പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് സ്ഥാനാർഥിയുടെ ഉറപ്പ്. വൈകിട്ട് വാളകം പഞ്ചായത്ത് എൽഡിഎഫ് കൺവൻഷനിൽ സംസാരിച്ചു. വിദ്യാർഥി, യുവജന സംഘടന രംഗത്തും പാർടിയിലുമുൾപ്പെടെ നടത്തിയ പൊതുപ്രവർത്തനം സമ്മാനിച്ച വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ശ്രീകാന്തിന് തുണയാകും.
മൂവാറ്റുപുഴ ബ്ലോക്കിലെ മുളവൂർ, പായിപ്ര, തൃക്കളത്തൂർ, വാളകം, മേക്കടമ്പ്, മാറാടി ഡിവിഷനുകളിലെ 50 പഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതാണ് വാളകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.









0 comments