സ്വന്തം പേര് ചുവരിലെഴുതി കെ ആർ കുമാരൻ മാഷ്

അങ്കമാലി
ചിത്രകലയിൽ ദേശീയ പുരസ്കാരം ലഭിച്ച കെ ആർ കുമാരൻ മാഷ് സ്വന്തം പേര് മതിലിൽ എഴുതുകയാണ്. അങ്കമാലി നഗരസഭ 19–-ാംവാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് റിട്ട. ചിത്രകലാ അധ്യാപകനായ കെ ആര്‍ കുമാരന്‍. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ കന്നി മത്സരമാണ്.
കവരപ്പറമ്പ് കരിപ്പാക്കുളം ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹത്തിന്റെ ജനസമ്മതി എതിരാളികളും അംഗീകരിക്കുന്നു. സ്നേഹാദരങ്ങളോടെയാണ് വോട്ടഭ്യര്‍ഥനയുമായി എത്തുന്ന മാഷിനെ ജനം സ്വീകരിക്കുന്നത്.
"സ്ട്രേ ഡോഗ്സ്' കേന്ദ്ര ലളിതകലാ അക്കാദമിയുടെ 59–-ാമത് ദേശീയ അവാർഡ് ചിത്രകലയിൽ കരസ്ഥമാക്കിയ കെ ആർ കുമാരൻ മാഷ് 1987-ൽ വടാട്ടുപാറ പൊയ്ക ഗവ. ഹൈസ്കൂൾ ആർട്ട് അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയിൽനിന്ന് ചീഫ് ആർട്ടിസ്റ്റായി വിരമിച്ചു.
വേൾഡ് വൈഡ് ആർട്ട് മൂവ്മെന്റ് ആർട്ട് മാസ്ട്രോ അവാർഡ്, തമിഴ്നാട് കലൈകൂടം സ്റ്റാർ അവാർഡ്, സംസ്ഥാന കാർഷികോത്സവ ലോഗോ ഡിസൈൻ പുരസ്കാരം, കേരള സർക്കാർ ലളിതകലാ അക്കാദമി എക്സിബിഷൻ ഗ്രാന്റ് അവാർഡ് എന്നിവ നേടി. കേരളത്തിലും
ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. സിപിഐ എം അങ്കമാലി ലോക്കൽ കമ്മിറ്റി അംഗം, അങ്കമാലി സർവീസ് സഹകരണ ബാങ്ക് 714 ഡയറക്ടർ ബോർഡ് അംഗം, പുരോഗമന കലാസാഹിത്യസംഘം ഏരിയ വൈസ് പ്രസിഡന്റ്, എ പി കുര്യൻ സ്മാരക ലൈബ്രറി സെക്രട്ടറി എന്നിങ്ങനെ പ്രവർത്തിക്കുന്നു.









0 comments