വൈബ് യാത്രയുമായി പ്രീമിയം സ്ലീപ്പറും ലിങ്ക് ബസും

കൊച്ചി
ന്യുജെൻ യാത്രാസൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ പ്രീമിയം സ്ലീപ്പർ ബസുകൾ. ജില്ലയിൽ സർവീസ് ആരംഭിച്ച നാല് ബസും ഓടിയെത്തുന്നത് യാത്രക്കാരുടെ ഹൃദയങ്ങളിലേക്ക്. കാലത്തിനൊത്തതും യാത്രക്കാരുടെ ആവശ്യങ്ങൾ അറിഞ്ഞുമുള്ള സൗകര്യങ്ങളാണ് പ്രീമിയം സ്ലീപ്പർ ബസുകളിൽ.
ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് തിരിച്ചും രണ്ടുവീതം പ്രീമിയം സ്ലീപ്പറുകളാണ് സർവീസ് നടത്തുന്നത്. ബംഗളൂരുവിലേക്ക് 1555 രൂപയും ചെന്നെയിലേക്ക് 1621 രൂപയുമാണ് ടിക്കറ്റിന്. ഓൺലൈനായി ബുക്ക് ചെയ്യാം. ബംഗളൂരുവിലേക്കുള്ളത് കൊച്ചിയിൽനിന്ന് വൈകിട്ട് 6.30നും ചെന്നൈയിലേക്ക് വൈകിട്ട് 5.30നും യാത്രതിരിക്കും. യഥാക്രമം രാത്രി 10.30, 8.30 സമയത്താണ് മടക്കസർവീസ്. കിടന്ന് യാത്ര ചെയ്യാം എന്നതാണ് പ്രീമിയം സ്ലീപ്പർ ബസുകളുടെ മുഖ്യസവിശേഷത. എസി, ടിവി, വൈഫൈ, മൊബൈൽ ചാർജർ, കുടിവെള്ളം, ബ്ലാങ്കറ്റ് എന്നിവ ബസിലുണ്ട്.
ഫാസ്‌റ്റ് പാസഞ്ചർ ലിങ്ക് ബസും നാലെണ്ണം ജില്ലയിൽ സർവീസ് നടത്തുന്നു. കോഴിക്കോട്, പൂപ്പാറ, നെടുങ്കണ്ടം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കാണിത്. 38 സീറ്റുകളാണുള്ളത്. ടിവിയും മൊബൈൽ ചാർജറുമുണ്ട്. എസിയില്ല. യാത്രക്കാരുടെ തിരക്ക്, ആവശ്യം എന്നിവ പരിശോധിച്ചാകും ഇരുബസും കൂടുതൽ സർവീസ് തുടങ്ങുന്നതിൽ തീരുമാനമുണ്ടാവുക. മറ്റ് റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നതും പരിശോധനയിലാണ്. മികച്ച പ്രതികരണവും അഭിപ്രായവുമാണ് യാത്രക്കാരിൽനിന്ന് ലഭിക്കുന്നതെന്ന് കെഎസ്‌ആർടിസി വ്യക്തമാക്കി.









0 comments