വികസനം മുരടിച്ച കോതമംഗലം

കോട്ടപ്പടിയിൽ സ്‌മാർട്ട് അങ്കണവാടി നിർമിക്കാനുള്ള സ്ഥലം കാടുപിടിച്ചനിലയിൽ
ജോഷി അറയ്‌ക്കൽ
Published on Nov 09, 2025, 12:58 AM | 1 min read
കോതമംഗലം
അഞ്ചുവർഷത്തെ യുഡിഎഫ് ഭരണം അഴിമതിയും സ്വജനപക്ഷപാതവും വികസനമുരടിപ്പുമാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് സമ്മാനിച്ചത്. സർക്കാരിൽനിന്ന് ലഭിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കുന്നതിലും കേന്ദ്രാവിഷ്കൃത പദ്ധതി നിർവഹണത്തിലും ഭരണസമിതി വൻ പരാജയമായിരുന്നു.
ചെക്ക്ഡാം നിർമാണത്തിന്റെ മറവിലും നിലവാരമില്ലാത്ത പല നിർമാണ പ്രവർത്തനങ്ങളിലും കരാറുകാരെ ബിനാമികളാക്കി വൻ അഴിമതി നടത്തിയതായി ഭരണസമിതിക്കെതിരെ വ്യാപക ആക്ഷേപം ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇല്ലാത്ത പല പദ്ധതികളുടെയും നിർമാണ ഉദ്ഘാടനം പ്രഖ്യാപിച്ച് ശിലാഫലകം സ്ഥാപിച്ചതും വിവാദമായി. പഞ്ചായത്ത് ഫണ്ടിൽനിന്ന് ലക്ഷങ്ങളാണ് ഉദ്ഘാടന മാമാങ്കത്തിനായി ധൂർത്തടിച്ചത്. ഇല്ലാത്ത പദ്ധതികളുടെ ഉദ്ഘാടനത്തിന് ഫ്ലക്സ് ബോർഡുകൾ വയ്‌ക്കുമ്പോഴാണ് പദ്ധതിയെപ്പറ്റി അംഗങ്ങൾപോലും അറിയുന്നത്.
എൽഡിഎഫ് ജനപ്രതിനിധികളുടെ ഡിവിഷനുകളിലേക്ക് ഫണ്ട് അനുവദിക്കാതെ പദ്ധതിനിർവഹണത്തിൻ ക്രമക്കേട് നടത്തിയതായി ആക്ഷേപമുണ്ട്. സ്മാർട്ട് അങ്കണവാടി പദ്ധതിയുടെ പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങി. കോട്ടപ്പടിയിലെ അങ്കണവാടി പൊളിച്ചു. പുതിയ കെട്ടിടം നിർമിക്കാതെ സ്ഥലം കാടുപിടിച്ചു. വാടകക്കെട്ടിടത്തിലാണ് അങ്കണവാടി നിലവിൽ പ്രവർത്തിക്കുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടികളെടുത്തില്ല. കാർഷിക മേഖലയിൽ ആസൂത്രിത പദ്ധതികളുണ്ടായില്ല. പട്ടികജാതിക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിക്കാതെ പാഴാക്കി. പ്രകടനപത്രികയിലെ പദ്ധതികളിലൊന്നും യുഡിഎഫ് ഭരണസമിതിക്ക് നടപ്പാക്കാനായില്ല. ആന്റണി ജോൺ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ചാണ് പല വികസനപദ്ധതികളും ബ്ലോക്കിൽ നടത്തിയത്.









0 comments