പ്രചാരണ ‘ട്രാക്കിൽ’ എൽഡിഎഫ് സ്ഥാനാർഥികൾ

ഗാന്ധിനഗർ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി ടി മായാദേവി എളംകുളത്തെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച് പ്രചാരണത്തിന് തുടക്കംകുറിച്ചപ്പോൾ
കൊച്ചി
വികസന, ക്ഷേമ പ്രവർത്തനങ്ങൾ പകരുന്ന ആത്മവിശ്വാസത്തിൽ കൊച്ചി കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണം തുടങ്ങി. പാർടിയിലെയും മുന്നണിയിലെയും ആദ്യകാല നേതാക്കൾ, പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നവരെയും ഡിവിഷനിലെ വോട്ടർമാരെയും കണ്ടു. സ്ഥലത്തെ വിവിധ പരിപാടികൾ, കൺവൻഷനുകൾ എന്നിവയിലും പങ്കെടുത്തു.
കോർപറേഷൻ ഭരണസമിതി നടപ്പാക്കിയ വികസന, ക്ഷേമ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ട് അഭ്യർഥന. മികച്ച പ്രതികരണമാണ് വോട്ടർമാരിൽനിന്ന് ലഭിക്കുന്നതെന്ന് സ്ഥാനാർഥികൾ പറഞ്ഞു. യുഡിഎഫ് കൗൺസിലർമാർ പ്രതിനിധാനംചെയ്യുന്ന ഡിവിഷനുകളിൽ മാറ്റം വേണമെന്ന അഭിപ്രായവും വോട്ടർമാരിൽനിന്ന് ഉയ രുന്നു.
നിലവിൽ കൗൺസിലർമാരായ സ്ഥാനാർഥികളിൽ ചിലർ വ്യാഴാഴ്‌ച കോർപറേഷൻ ആസ്ഥാനമന്ദിരത്തിൽ ചേർന്ന കൗൺസിലർമാരുടെ യോഗത്തിൽ പങ്കെടുത്തു. മത്സരിക്കുന്നവർക്ക് സഹപ്രവർത്തകരായിരുന്നവർ വിജയാശംസ നേർന്നു. 70 ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് എൽഡിഎഫ് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്‌ചയോടെ 76 ഡിവിഷനുകളിലെയും സ്ഥാനാർഥി ചിത്രമാകും. സീറ്റ് വിഭജനം, സ്ഥാനാർഥി നിർണയം, വാർഡ് കമ്മിറ്റി രൂപീകരണം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലും ചിട്ടയായും നടത്താൻ എൽഡിഎഫിനായി. പ്രചാരണ പ്രവർത്തനങ്ങളിലും ആവേശത്തോടെയാണ് പ്രവർത്തകർ പങ്കാളികളാകുന്നത്.









0 comments