ചെല്ലാനം ടെട്രാപോഡിന് 363 കോടി , കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന് 384 കോടി
കിഫ്‌ബിയിൽ കുതിച്ച് ജില്ല ; നാലുവർഷത്തിനിടെ പൂർത്തിയായത് വൻകിട പദ്ധതികൾ

ചെല്ലാനം കടൽത്തീരത്ത് കരിങ്കല്ല് കൊണ്ട് കൂറ്റൻ കടൽഭിത്തി നിർമിച്ചശേഷം ടെട്രാപോഡ് നിരത്തിയിരിക്കുന്നു (ഫയൽ ചിത്രം)
കൊച്ചി
രജത ജൂബിലി പിന്നിട്ട കിഫ്‌ബിയുടെ സഹായത്തോടെ ജില്ലയിൽ പോയ നാലുവർഷത്തിനിടെ പൂർത്തിയായത് ക്യാൻസർ സെന്റർമുതൽ ടെട്രാപോഡ് കടൽഭിത്തിവരെ വൻകിട പദ്ധതികൾ. പഞ്ചനക്ഷത്രമോടിയിൽ ഹൈടെക് സ്‌കൂൾ മന്ദിരങ്ങൾമുതൽ അത്യാധുനിക ആശുപത്രിക്കെട്ടിടങ്ങൾവരെ. റോഡുകളും പാലങ്ങളുംമുതൽ കാത്ത്‌ലാബും കുടിവെള്ളപദ്ധതികളുംവരെ. 14 നിയോജക മണ്ഡലങ്ങളിലും നാളിതുവരെയുള്ള ചരിത്രത്തിലില്ലാത്തവിധം വികസന പദ്ധതികളാണ് കിഫ്‌ബി ഫണ്ടിലൂടെ യാഥാർഥ്യമായത്. രാഷ്‌ട്രീയ എതിരാളികളെയും അതിശയിപ്പിച്ച വികസന പെരുമഴയ്‌ക്കാണ് പോയ നാലുവർഷം ജില്ല സാക്ഷിയായത്.
ചെല്ലാനംതീരത്തെ കടലാക്രമണത്തെ പഴങ്കഥയാക്കി മാറ്റി ടെട്രാപോഡ് കടൽഭിത്തി. കിഫ്‌ബി അനുവദിച്ച 363 കോടി രൂപ ചെലവിലാണ് 7.3 കിലോമീറ്റർ കടൽഭിത്തി നിർമിച്ചത്. 306 കോടി രൂപ ചെലവിൽ ശേഷിക്കുന്ന 3.6 കിലോമീറ്ററിലും ടെട്രാപോഡ് കടൽഭിത്തി നിർമിക്കാനുള്ള പദ്ധതിക്കും കഴിഞ്ഞ ജൂലൈയിൽ സർക്കാർ അംഗീകാരം നൽകി.
പൊതുജനാരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും കളമശേരിയിൽ നിർമാണം പൂർത്തിയായികഴിഞ്ഞ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ. കിഫ്‌ബി ഫണ്ടിലെ 384 കോടി ചെലവിലാണ് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിൽ സെന്റർ പൂർത്തിയായത്. 6,32,000 ചതുരശ്രയടിയിൽ ഒന്പതുനിലകളിലായി 368 കിടക്കകളും 10 ഓപ്പറേഷൻ തിയറ്ററുകളുമാണുള്ളത്. എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഏഴുനിലകളിലായി 76 കോടി രൂപ ചെലവിലാണ് നിർമിച്ചത്. നൂതന ട്രോമ കെയർ മെഷീനുകൾ, കാത്ത്‌ലാബ്, 16 കിടക്കകളുള്ള മെഡിക്കൽ ഐസിയു സൗകര്യങ്ങൾ കൂടാതെ 22 കോടിയിലധികം രൂപയുടെ ഉപകരണങ്ങളും ഇവിടെയുണ്ട്.
കിഫ്ബിയിലെ 108 കോടി ചെലവിട്ട് ജില്ലയിൽമാത്രം 40 ഹയർ സെക്കൻഡറി സ്‌കൂളുകൾക്കാണ് മികച്ച കെട്ടിടം, ക്ലാസ്‌മുറി, ലൈബ്രറി, ലാബ്, ശുചിമുറികൾ എന്നിവ സജ്ജമാക്കിയത്. അഞ്ചുകോടി ചെലവിൽ 19 സ്‌കൂളുകൾക്കും മൂന്നുകോടി ചെലവിൽ നാല് സ്കൂളുകൾക്കും ഒരുകോടി രൂപ ചെലവിൽ 21 സ്കൂളുകൾക്കും പുതുമുഖം നൽകി.
മറ്റുപ്രധാന പദ്ധതികളിൽ ചിലത്
പറവൂർ മണ്ഡലത്തിൽ 21. 65 കോടി ചെലവിൽ ജലവിതരണപദ്ധതി
കോതമംഗലം താലൂക്ക് ആശുപത്രി വികസനം–11. 21 കോടി
കുന്നത്തുനാട് മണ്ഡലത്തിൽ പെട്രോ കെമിക്കൽ പാർക്ക്– 977. 46 കോടി
പിറവം മണ്ഡലത്തിലെ മാമല–പിറവം റോഡിന് 11. 81 കോടി
തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംസ്‌കൃതകോളേജിന്റെയും ഗവ. കോളേജിന്റെയും പുതിയ മന്ദിരത്തിന് യഥാക്രമം 5. 77 കോടിയും 14. 42 കോടിയും
വൈപ്പിനിൽ കുടിവെള്ളപദ്ധതികൾക്കുമാത്രം 12 കോടി
പെരുന്പാവൂരിൽ വിവിധ റോഡ് നിർമാണത്തിനുമാത്രം 170 കോടി
മൂവാറ്റുപുഴ നഗരനവീകരണത്തിനുമാത്രം 34.18 കോടി
ആലുവയിൽ 5 കോടി ചെലവിൽ എസ്‌സി ഹോസ്‌റ്റൽ
തൃക്കാക്കര മണ്ഡലത്തിൽ രണ്ട് സ്‌കൂളുകൾക്കായി 8 കോടി
അങ്കമാലിയിൽ ബൈപ്പാസ് പദ്ധതിക്ക് 275 കോടി









0 comments