കാറില്‍ കടത്തിയ 44 കിലോ കഞ്ചാവ് പിടിച്ചു

കാലടി
ഒഡിഷയില്‍നിന്ന് കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി മൂന്ന് അന്യസംസ്ഥാനക്കാര്‍ പിടിയിൽ. പശ്ചിമബംഗാള്‍ മൂർഷിദാബാദ് സ്വദേശികളായ റഫീക്കുൽ ഇസ്ലാം (40), അബ്ദുൽ കുദൂസ് (21), സഹിൻ മണ്ഡൽ (26) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. ശനി രാവിലെ മാണിക്യമംഗലം ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡിഷ രജിസ്ട്രേഷനുള്ള കാർ ആന്ധ്രപ്രദേശിൽ എത്തിയപ്പോൾ കേരള രജിസ്ട്രേഷനുള്ള നമ്പർപ്ലേറ്റ് ഘടിപ്പിച്ചാണ് ഇവിടേക്ക് യാത്ര ചെയ്തത്. കിലോയ്ക്ക് 2000 രൂപ നിരക്കിൽ ഒഡിഷയിൽനിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ കിലോയ്‌ക്ക് 27,000 രൂപ വിലയ്ക്ക് വിൽപ്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ പതിവ്. കാറിനുള്ളിൽ രഹസ്യയറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
മുഖ്യപ്രതി റഫീക്കുല്‍ ഇസ്ലാം 25 വർഷംമുമ്പാണ് കേരളത്തിൽ എത്തിയത്. തുടക്കത്തിൽ ഹെൽപ്പർ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ലേബർ സപ്ലൈയിലേക്കും പിന്നീട് കഞ്ചാവ് കച്ചവടത്തിലേക്ക് എത്തുകയുമായിരുന്നു. 2012 ഇയാൾ കോതമംഗലം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസിൽപ്പെട്ട് 28 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്. ഈ മാസം കോടനാട് പൊലീസ് ടാറ്റ ഹാരിയർ കാറിൽനിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഈ കാര്‍ റഫീക്കുല്‍ ഇസ്ലാമിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ എഎസ്‌പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടര്‍ അനിൽകുമാർ ടി മേപ്പിള്ളി എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.









0 comments