കറുപ്പിലും വെളുപ്പിലും തെളിയുന്നു, ഇന്ത്യൻ കരാർത്തൊഴിലാളികളുടെ അടിമജീവിതം

കൊച്ചി
ദക്ഷിണാഫ്രിക്കയിലേക്ക് ജീവിതമാർഗം തേടിപ്പോയ ഇന്ത്യൻ കരാർത്തൊഴിലാളികളുടെ അടിമജീവിതത്തിന്റെ നേർചിത്രമായി ഫോട്ടോ പ്രദർശനം. കേരള അർബൻ കോൺക്ലേവിന്റെ ഭാഗമായി മഹാരാജാസ് കോളേജ് മലയാളം ഹാളിൽ വ്യാഴാഴ്‌ച ആരംഭിച്ച പ്രദർശനം 1860–1911 വരെ ഇന്ത്യൻ കരാർത്തൊഴിലാളികൾ അനുഭവിച്ച യാതനകളും വിവേചനവും വരച്ചിടുന്നു.
ഒന്നരലക്ഷത്തോളം ഇന്ത്യക്കാരാണ് തൊഴിൽ തേടി ദക്ഷിണാഫ്രിക്കയിൽ എത്തിയതെന്ന് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്ന മഹാരാജാസ് കോളേജിലെ ഗവേഷക വിദ്യാർഥി ഡോ. ഡി സത്യ, പാലക്കാട് ഐഐടി അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. സുദർശൻ ആർ കോട്ടായ് എന്നിവർ പറയുന്നു. അന്ന് കുറഞ്ഞ ശന്പളത്തിൽ ദിവസവും ഒന്പതുമുതൽ 14 മണിക്കൂർവരെ പലർക്കും ജോലി ചെയ്യേണ്ടിവന്നു. കരിമ്പ് പാടങ്ങളിലും കൽക്കരി–സ്വർണ ഖനികളിലും റെയിൽവേയിലുമായിരുന്നു പലർക്കും ജോലി. ചോദ്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയും. അഞ്ച് വർഷത്തേക്കായിരുന്നു കരാർ. എന്നാൽ, നാട്ടിലേക്ക് മടങ്ങാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കേണ്ടിവന്നു. സ്‌ത്രീത്തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളവും കുറവ് റേഷനുമാണ് ലഭിച്ചിരുന്നത്. ഗർഭിണിയായാലോ രോഗം ബാധിച്ചാലോ അവർക്ക് റേഷൻ നിഷേധിച്ചിരുന്നു. ഇതിനൊപ്പം കടുത്ത ശിക്ഷയും നൽകിയിരുന്നതായി ചിത്രങ്ങൾ പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ പൊതുമേഖല–അടിസ്ഥാനസൗകര്യ വികസന വിഭാഗം എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ലൂകാസ് മാർത്തിനസ് മെയർ പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ഷാജില ബീവി അധ്യക്ഷയായി. തദ്ദേശ സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്‌ദുള്ള, ഡയറക്ടർ അപൂർവ ത്രിപാഠി, ഡോ. എം എസ് മുരളി, ഡോ. പി കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു. 14 വരെയാണ് പ്രദർശനം.









0 comments