പങ്കെടുക്കുന്നത് നഗരവികസനത്തില്‍ മാതൃകകാട്ടിയ മേയര്‍മാര്‍
കേരള അര്‍ബന്‍ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും ; പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

കൊച്ചി
സംസ്ഥാനത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപീകരിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025ന്റെ ഭാഗമായുള്ള പ്രദര്‍ശനം വ്യാഴാഴ്‌ച ആരംഭിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ പകൽ മൂന്നിന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ നഗരവികസന യാത്ര, പുതിയ ആശയങ്ങള്‍, നവീന സാങ്കേതികവിദ്യകള്‍, സുസ്ഥിര മാതൃകകള്‍, നഗര സൗകര്യങ്ങളിലെ പുരോഗതി എന്നിവ പൊതുജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്ന വേദിയാകും പ്രദര്‍ശനം. നഗരവികസനവുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നൂതനാശയങ്ങളും വിജയിച്ച മാതൃകകളും അവതരിപ്പിക്കും.15 വരെയാണ് പ്രദര്‍ശനം.
വെള്ളിയും ശനിയും കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററിലാണ് കേരള അര്‍ബന്‍ കോണ്‍ക്ലേവ്. വെള്ളി രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര ഭവന നിർമാണ നഗരകാര്യമന്ത്രി മനോഹർലാൽ ഖട്ടർ മുഖ്യാതിഥിയാകും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപംനൽകുന്നത്. അതിവേഗ നഗരവൽക്കരണം മൂലമുണ്ടാകുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം, അതിന്റെ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് നയരൂപീകരണത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി രണ്ടുവർഷംമുന്പ് വിദഗ്‌ധർ ഉൾപ്പെട്ട കമീഷനെ സർക്കാർ നിയോഗിച്ചിരുന്നു. പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ച് കമീഷൻ റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ നടക്കുന്ന ചർച്ചകളിലൂടെ നഗരനയത്തിന് കോൺക്ലേവ് അന്തിമരൂപം നൽകും. നഗരങ്ങളെ ഭൗതികവികസനത്തിന്റെ കേന്ദ്രങ്ങളായി ചുരുക്കാതെ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തി സാമൂഹ്യനീതി, പരിസ്ഥിതിസൗഹൃദം, സാംസ്‌കാരിക വൈവിധ്യം എന്നിവയ്‌ക്ക് ഉൗന്നൽ നൽകുന്നതിനാണ് നഗരനയത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദങ്ങൾ, തൊഴിൽ–വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയും കോൺക്ലേവിൽ ചർച്ചയാകും. മൂന്ന് വിദേശരാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാർ, മേയർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പങ്കെടുക്കുന്നത് നഗരവികസനത്തില്‍ മാതൃകകാട്ടിയ മേയര്‍മാര്‍
കേരള അര്‍ബന്‍ കോണ്‍ക്ലേവ് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലെ മേയര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാൻ നഗരവികസനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മേയര്‍മാർ.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെ എത്തെക്വിനി മുനിസിപ്പാലിറ്റി മേയറായ സിറിൾ സാബ സമ്മേളനത്തിന്റെ ഉപാധ്യക്ഷനാകും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എത്തെക്വിനി മുനിസിപ്പാലിറ്റി സ്മാര്‍ട്ട്‌സിറ്റി പദവി കൈവരിച്ചത്.
കൊളംബോ സിറ്റിയുടെ രണ്ടാമത്തെ വനിതാമേയറായ വ്രൈ കാല്ലി ബല്‍ത്താസറും സമ്മേളനത്തിനുണ്ട്. ബ്രസീലിലെ വഴ്‌സിയ പൗലിസ്റ്റ നഗരത്തെ വ്യാവസായിക ഹബ്ബാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എഡ്വേര്‍ഡ് ടെഡ്യൂവാണ് മറ്റൊരു പ്രമുഖന്‍. വഴ്‌സിയ പൗലിസ്റ്റ മുനിസിപ്പാലിറ്റിയുടെ മുന്‍ മേയറാണ് ഇദ്ദേഹം.
മാലദ്വീപില്‍നിന്നുള്ള മാലെ മേയര്‍ ആദം അസിമും പങ്കെടുക്കും. ഗതാഗതം, കെട്ടിടനിര്‍മാണം, ട്രേഡിങ്, ജലശുദ്ധീകരണം, മലിനജലസംസ്‌കരണം തുടങ്ങിയ മേഖലകളിലെ ദേശീയ ഏജന്‍സികള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. 13ന് രാവിലെ ഒന്പതുമുതല്‍ 12.30 വരെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വന്‍ഷന്‍ സെന്ററിലാണ് മേയര്‍മാരുടെ സമ്മേളനം. ഇന്ത്യയിലെ വിവിധ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാരും കേരളത്തിലെ ആറ് കോര്‍പറേഷനുകളുടെ മേയര്‍മാരും പങ്കെടുക്കും.
കലാപം: നേപ്പാളിലെ മേയർമാർ എത്തില്ല
കലാപത്തെ തുടർന്ന് അർബൻ കോൺക്ലേവിന് എത്താനാകാതെ നേപ്പാളിൽനിന്നുള്ള മേയർമാർ. നേപ്പാളിലെ നില്‍ക്കാന്ദ മുനിസിപ്പാലിറ്റി മേയര്‍ ഭിം പ്രസാദ് ദുംഗാന, താരകേശ്വര്‍ മുനിസിപ്പാലിറ്റി മേയര്‍ കൃഷ്ണ ഹരി മഹര്‍ജൻ, രത്‌നനഗര്‍ മുനിസിപ്പാലിറ്റി മേയര്‍ പ്രഹ്ലാദ് സപ്‌കോട്ട എന്നിവരാണ് കോൺക്ലേവിൽ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നത്.









0 comments