'കുറ്റിയറ്റു’ കറുകുറ്റിയിലെ വികസനം

വർഗീസ് പുതുശേരി
Published on Sep 30, 2025, 02:47 AM | 1 min read
15 വർഷമായി കോൺഗ്രസ് ഭരിക്കുന്ന കറുകുറ്റി പഞ്ചായത്തിൽ വികസനം മുരടിച്ചു. അധികാരസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ഗ്രൂപ്പ് വടംവലിയിൽ ഭരണപക്ഷം, കറുകുറ്റിയിലെ വികസനം മറന്നു. നീണ്ട കാലയളവ് ലഭിച്ചിട്ടും തികച്ചും കാർഷിക മേഖലയായ പഞ്ചായത്തിൽ കൃഷി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല. കാർഷിക മാർക്കറ്റ് യാഥാർഥ്യമാക്കാനായില്ല. ഉയര്‍ത്തിക്കാണിക്കാവുന്ന ഒരുപദ്ധതിപോലും പഞ്ചായത്തിൽ നടപ്പാക്കിയിട്ടില്ല. പതിനൊന്നിലധികം പട്ടികജാതി ഉന്നതികളും ആറിലധികം ലക്ഷംവീട് നഗറുകളുമുള്ള വിസ്തൃതമായ പഞ്ചായത്തിലെ ഈ ജനവിഭാഗങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് പൊതുശ്മശാനം. ഇതു യാഥാര്‍ഥ്യമാക്കാന്‍ എംഎൽഎയും പഞ്ചായത്തും തയ്യാറായില്ല.
ദീർഘകാല കോൺഗ്രസ് ഭരണവും ഒരു ചെറിയ ഇടവേളയിലെ എൽഡിഎഫ് ഭരണവും തമ്മിൽ വികസനക്കാഴ്ചപ്പാടിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസം രാഷ്ട്രീയഭേദമെന്യേ ജനം തിരിച്ചറിയുന്നു. ആറുവട്ടം പണിതിട്ടും ജനങ്ങൾക്ക് ഉപകാരപ്പെടാത്ത കമ്യൂണിറ്റി ഹാളും പണിതിട്ടും പണിതീരാത്ത ഓഫീസ് നിർമാണങ്ങളും അഴിമതികളുടെ കഥകളാണ്. കാർഷികരംഗത്തെ "മൺതാളം’ നടത്തിപ്പിലെ അഴിമതി, സിഎസ്ആർ ഫണ്ട് ലഭ്യതയിലെ അഴിമതി, കുടുംബശ്രീയെ ഒഴിവാക്കി വനിതാ കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട ആക്ഷേപം എന്നിവയ്ക്ക് മറുപടിയില്ല. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവന "പൂജ്യം' ആണ്. മാലിന്യസംസ്കരണ മേഖല സമ്പൂര്‍ണ പരാജയമായി.
ഗ്രൂപ്പ് വടംവലിയിൽ ഭരണപക്ഷം പരസ്പരം വിഴുപ്പലക്കുന്നതല്ലാതെ നടക്കുന്നതല്ലാതെ പഞ്ചായത്തിലെ ജനക്ഷേമം കാര്യമാക്കുന്നേയില്ല. കരയാംപറമ്പ് ഏഴാറ്റുമുഖം റോഡ് നിർമാണത്തിലും പഞ്ചായത്തിലെ പട്ടികജാതി ഉന്നതികളിലടക്കം കുടിവെള്ള പ്രശ്നപരിഹാരത്തിലും പഞ്ചായത്തിന്റെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലും ഹോമിയോ ആശുപത്രിയുടെ സ്വന്തമായ കെട്ടിട നിർമാണത്തിലും ഭരണപക്ഷത്തിന് ഒന്നും ചെയ്യാനായില്ല. പൊതുശ്മശാനം, കാർഷിക മാർക്കറ്റ് തുടങ്ങിയ വിഷയങ്ങളിൽ എൽഡിഎഫ് ഉയർത്തുന്ന അഭിപ്രായങ്ങളെ തള്ളിക്കളയുന്ന കോൺഗ്രസിന്റെ തലതിരിഞ്ഞ വികസനക്കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാണ്.









0 comments