കടമക്കുടിയുടെ പരമ്പരാഗത തനിമ നിലനിർത്തി വികസനം ; മാസ്റ്റർപ്ലാൻ ഉടൻ

കടമക്കുടി
കടമക്കുടിയുടെ പരമ്പരാഗത തനിമയ്ക്ക് കോട്ടംവരാത്തതും പൊക്കാളിക്കൃഷിക്ക് ഹാനികരമല്ലാത്തതുമായ ടൂറിസം വികസനം നടപ്പാക്കാൻ മാസ്റ്റർപ്ലാനിന്റെ ഭാഗമായ ആലോചനായോഗത്തിൽ തീരുമാനം. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ യോഗം ഉദ്‌ഘാടനംചെയ്തു.
പുഴകൾ, മറ്റു ജലസ്രോതസ്സുകൾ, മീൻപിടിത്ത–കാർഷിക വൃത്തികൾ തുടങ്ങി കടമക്കുടിയുടെ തനതുരീതികൾക്ക് ഒരു മാറ്റവും ടൂറിസം വികസനംമൂലം ഉണ്ടാകരുത്. മാസ്റ്റർപ്ലാൻ തയ്യാറാക്കുംമുമ്പ് സെപ്തംബർ 14ന് പകൽ മൂന്നിന് നാട്ടുകാരുടെ യോഗം ചേരും. വാട്ടർ സ്പോർട്സ് ഉൾപ്പെടെയുള്ള വ്യത്യസ്ത സംരംഭങ്ങൾ ആരംഭിക്കാനാകും. ബണ്ടുകളും മീൻ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ പരമ്പരാഗത ഭക്ഷ്യവസ്തുക്കളും ഇവിടെയെത്തുന്ന പക്ഷിക്കൂട്ടങ്ങളും സുരക്ഷിതമായി തുടരുന്നതാകണം ടൂറിസം വികസനമെന്നും യോഗം ചൂണ്ടിക്കാട്ടി.
ജിഡ സെക്രട്ടറി രഘുരാമൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, കെ പി വിപിൻരാജ്, ജി ശ്രീകുമാർ, മിറ്റ്സി തോമസ്, ലിജോ ജോസഫ്, എസ് അനൂപ് എന്നിവരും ഭൂ ഉടമകളുടെയും സംരംഭകരുടെയും പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു.









0 comments