സഞ്ചാരികളെ മാടിവിളിച്ച് കടമക്കുടി ; നടപ്പാക്കുന്നത് 8 കോടിയുടെ പദ്ധതി

കൊച്ചി
കൂടുതൽ വിനോദസഞ്ചാരികളെ കടമക്കുടിയിലേക്ക് ആകർഷിക്കുന്നതിന് സമഗ്രടൂറിസം വികസനം സാധ്യമാക്കുന്ന മാസ്റ്റർ പ്ലാൻ തയ്യാർ. എട്ട് കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. "ഗ്രാമീണ കായൽ ടൂറിസം പദ്ധതി–കടമക്കുടി' എന്ന പേരിൽ വിശദ പദ്ധതിരേഖ (ഡിപിആർ) തയ്യാറായിക്കഴിഞ്ഞു.
കടമക്കുടി നടന്നുകാണാൻ 1400 മീറ്ററുള്ള വാക്‌വേ, വിനോദസഞ്ചാരികൾക്ക് മീൻപിടിക്കാനും മറ്റുമായി അഞ്ച് ആങ്‌ഗ്ലിങ് ഡെക്ക്, രണ്ട് ബയോടോയ്‌ലറ്റുകൾ, ഫ്ലോട്ടിങ് റസ്‌റ്റോറന്റ്, ലൈറ്റിങ്ങിനായി 30 മീറ്റർ ഇടവിട്ട് 50 തൂണുകൾ, വാക്‌വേയിൽ വിവിധയിടങ്ങളിലായി 60 ബെഞ്ചുകൾ, തത്സമയം പാചകത്തിനുള്ള ആറ് അടുക്കളകൾ, 10 മീറ്റർ ഉയരമുള്ള വാച്ച് ടവർ, ബാംബൂ പവിലിയൻ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് നിർമാണപ്രവൃത്തികളുടെ ഉദ്‌ഘാടനം നടക്കുമെന്ന് കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരാർ നടപടികൾ ഉടൻ തുടങ്ങും. നിർമാണം തുടങ്ങി 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യസംസ്‌കരണത്തിനും പ്രത്യേക സൗകര്യങ്ങളുണ്ടാകും. മെട്രോ നഗരത്തിൽനിന്ന് വിളിപ്പാടകലെയുള്ള കൊച്ചുദ്വീപിനെക്കുറിച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് ലോകശ്രദ്ധ നേടിയിരുന്നു. പദ്ധതി നടപ്പാകുന്നത് ജില്ലയുടെ വിനോദസഞ്ചാരമേഖലയ്‌ക്കും വലിയ കുതിപ്പാകും.









0 comments