കടമക്കുടി ടൂറിസത്തിന് വൻ സാധ്യത: പി രാജീവ്

കൊച്ചി
ലോകശ്രദ്ധയാകർഷിക്കുന്ന ഇടങ്ങളിൽ ഒന്നായി മാറിയ കടമക്കുടിയുടെ ടൂറിസം വികസനത്തിന് സമഗ്ര മാസ്റ്റർപ്ലാൻ തയ്യാറാക്കണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കടമക്കുടിയുടെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താൻ ബോൾഗാട്ടി റോ–റോ ജെട്ടിയിൽനിന്ന് ആരംഭിച്ച ‘കടമക്കുടി കാഴ്ചകൾ’ ബോട്ട് യാത്ര ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കടമക്കുടി ദ്വീപുകളുടെ സ്വാഭാവികസൗന്ദര്യം നിലനിർത്തിവേണം പദ്ധതി നടപ്പാക്കാൻ. വിനോദസഞ്ചാരരംഗത്ത് കടമക്കുടിക്ക് വലിയ സാധ്യതയാണുള്ളത്. എംഎൽഎയുടെ പങ്കാളിത്തത്തോടെ ഡിടിപിസിയുടെ നേതൃത്വത്തിൽ വേണം മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ബോട്ട് യാത്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. വെപ്പുവള്ളത്തിന്റെ പങ്കായം കൈമാറലും മന്ത്രി നിർവഹിച്ചു.
കലക്ടർ ജി പ്രിയങ്ക അധ്യക്ഷയായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, കൊച്ചി മെട്രോപൊളിറ്റൻ കൗൺസിൽ ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി എസ് അക്ബർ, മേരി വിൻസന്റ്, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ ആർ ഗിരിജ, ജലമെട്രോ ജി എം സാജൻ പി ജോൺ, സംരംഭകനായ ജോസ് കുട്ടൻ, ജിഡ സെക്രട്ടറി രഘുരാമൻ, കൊച്ചിൻ ക്രൂസ് സിറ്റി ഉടമ മനോജ് പടമാടൻ തുടങ്ങിയവർ സംസാരിച്ചു.
പ്രകൃതിരമണീയമായ കടമക്കുടി ദ്വീപസമൂഹത്തെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ‘കടമക്കുടി -വൈവിധ്യങ്ങളുടെ ദ്വീപുകൾ: ഹൃദ്യവും സുസ്ഥിരവുമായ ടൂറിസത്തിനായുള്ള ഒരു കാഴ്ചപ്പാട്' പേരിൽ ബുധൻ രാവിലെ 10ന് കോതാട് നിഹാര റിസോർട്ടിൽ സെമിനാർ സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.









0 comments