"കടമക്കുടി വാലി ഓഫ് ഹെവൻ' സെമിനാർ
കടമക്കുടി സമഗ്ര ടൂറിസം പദ്ധതിക്ക് ഉടൻ അംഗീകാരം: മന്ത്രി റിയാസ്

കൊച്ചി
കടമക്കുടിയുടെ സമഗ്ര ടൂറിസം വികസനം സാധ്യമാക്കുന്ന പദ്ധതിയുടെ രൂപരേഖയ്ക്ക് ഉടൻ ഭരണാനുമതി നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കടമക്കുടി ദ്വീപസമൂഹത്തിന്റെ അനന്ത ടൂറിസം വികസനസാധ്യത തിരിച്ചറിയാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച "കടമക്കുടി വാലി ഓഫ് ഹെവൻ' സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആനന്ദ് മഹീന്ദ്രയെവരെ ആകർഷിച്ച സൗന്ദര്യമാണ് കടമക്കുടിയുടേത്. അദ്ദേഹം ഇവിടേക്ക് വരാമെന്ന് വാഗ്ദാനം ചെയ്യുകയും സർക്കാർ അതിനെ സ്വാഗതം ചെയ്തിട്ടുമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. 25ന് റവന്യുവകുപ്പിന്റെ സഹകരണത്തോടെ ഭൂ ഉടമകൾ, റിസോർട്ട്, ഹോംസ്റ്റേ ഉടമകൾ, വാട്ടർ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരുടെ യോഗം വിളിക്കുമെന്ന് എംഎൽഎ പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി കടമക്കുടി ചാത്തനാട് പാലം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കോതാട് നിഹാര റിസോർട്ടിൽ നടന്ന സെമിനാറിൽ സബ്കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ മുഖ്യാതിഥിയായി. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ജിഡ സെക്രട്ടറി രഘുരാമൻ എന്നിവർ സംസാരിച്ചു.









0 comments