കായൽപ്പരപ്പിലൂടെ കടമക്കുടിയാത്ര ; ക‍ൗതുകമുണർത്തി ഇരുട്ടുകുത്തിയും

Kadamakkudi Tourism
avatar
ആർ ഹേമലത

Published on Aug 13, 2025, 02:48 AM | 1 min read


കൊച്ചി

കൊച്ചിയുടെ കായൽഭംഗിയും കാറ്റും ആസ്വദിച്ച്‌ പച്ചത്തുരുത്തുകളെ ചുറ്റി ഒരുയാത്ര. വിനോദസഞ്ചാര ഭൂപടത്തിൽ കൊച്ചിയുടെ കായൽസ‍ൗന്ദര്യമായി വിരിഞ്ഞ കടമക്കുടിയുടെ ദൃശ്യഭംഗിയിൽ അലിഞ്ഞ്‌ പച്ചപ്പും ചീനവലയും മൊബൈലിൽ പകർത്തിയും സെൽഫിയെടുത്തും കണ്ണും മനസ്സും നിറച്ച യാത്ര. കടമക്കുടിയുടെ ടൂറിസം സാധ്യതകളെ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വാലി ഓഫ് ഹെവൻ’ സെമിനാറിനോട് അനുബന്ധിച്ചാണ് ‘കടമക്കുടി കാഴ്‌ചകൾ’ എന്നപേരിൽ ബോട്ടുയാത്ര സംഘടിപ്പിച്ചത്.


ബോൾഗാട്ടി റോ റോ ജെട്ടിയിൽനിന്ന് ആരംഭിച്ച യാത്ര മന്ത്രി പി രാജീവ് ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. ജീവിതത്തിന്റെ തിരക്കുകളിൽനിന്ന് മാറി ശാന്തമായി കായൽക്കാഴ്ചകൾ ആസ്വദിക്കാൻ ഒരുക്കിയ യാത്രയിൽ നിരവധിപ്പേർ പങ്കെടുത്തു. യാത്ര ആരംഭിച്ചപ്പോൾത്തന്നെ ബോട്ടിൽ ആഹ്ലാദത്തിന്റെ തിരമാല ഉയർന്നു.


ബോട്ടുകൾക്കൊപ്പം എത്താൻ ആവേശ തുഴയെറിഞ്ഞ്‌ ഇരുട്ടുകുത്തി വള്ളം എത്തിയതോടെ ആവേശം ഉച്ചസ്ഥായിലായി. കാഴ്ചക്കാർക്ക് ആവേശം പകർന്ന്‌ താളാത്മകമായി തുഴഞ്ഞുനീങ്ങുന്ന ചുരുളൻ വള്ളം ഉത്സവപ്രതീതിയേകി. തുഴക്കാരുടെ ആർപ്പും ആരവവും കായലോളപ്പരപ്പിൽ മുഴങ്ങി.


സീ പ്ലെയിനിന്റെ മാതൃകയിൽ ഒപ്പമെത്തിയ ബോട്ടും ക‍ൗതുകമായി. യാത്രയുടെ ഭാഗമായ പള്ളുരുത്തി പഞ്ചായത്തിലെ വയോജന കൂട്ടായ്‌മയിലെ അംഗങ്ങൾ ആടിയും പാടിയും യാത്രയെ അവിസ്‌മരണീയമാക്കി. കടമക്കുടിയിൽ രുചികരമായ ഉച്ചഭക്ഷണവും കഴിച്ചാണ്‌ എല്ലാവരും മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home