കടമക്കുടിക്ക് വേണം ഇനിയുമേറെ

കടമക്കുടി വാലി ഓഫ് ഹെവൻ സെമിനാറിൽ കെഎസ്‌ഐഎൻസി എംഡി ആർ ഗിരിജ സംസാരിക്കുന്നു
കൊച്ചി
കടമക്കുടിയുടെ തനത് സൗന്ദര്യം നിലനിർത്തി അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ചർച്ച ചെയ്‌ത് സെമിനാർ. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോതാട് നിഹാര റിസോർട്ടിൽ നടന്ന "കടമക്കുടി വാലി ഓഫ് ഹെവൻ' സെമിനാറിലും തുടർചർച്ചയിലും ടൂറിസംരംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും പ്രാദേശിക സംരംഭകരും നാട്ടുകാരും പങ്കെടുത്തു.
കായൽ ടൂറിസത്തിന്റെ ഭാഗമായി കടമക്കുടിയിലേക്ക് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ (കെഎസ്‌ഐഎൻസി) ബോട്ടുകൾ ഓടുന്നുണ്ട്. എന്നാൽ, ഡ്രഡ്‌ജിങ് നടത്താത്തതിനാൽ ബുദ്ധിമുട്ടുകളുണ്ടാകാറുണ്ടെന്ന് കെഎസ്ഐഎൻസി എംഡി ആർ ഗിരിജ പറഞ്ഞു. ചുമതലയുള്ള ജലസേചനവകുപ്പ് ഡ്രഡ്‌ജിങ് നടത്താറില്ല. കെഎസ്ഐഎൻസി സ്വന്തം നിലയിൽ ഡ്രഡ്‌ജിങ് നടത്തിയാണ് ബോട്ട് ഓടിക്കുന്നതെന്നും അവർ പറഞ്ഞു.
ഹോംസ്റ്റേ ക്ലാസിഫിക്കേഷൻ, സാഹസിക ടൂറിസം പദ്ധതികൾ, ഡിസൈനിങ്, പ്രദേശവാസികളുടെ പങ്കാളിത്തം, ജനപ്രതിനിധികളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ചും ചർച്ചചെയ്തു. കായൽ ടൂറിസത്തിനുപുറമെ കയാക്കിങ്, സൈക്ലിങ് തുടങ്ങിയ സാഹസിക ടൂറിസം പദ്ധതികൾക്ക് കടമക്കുടിയുടെ ഭൂപ്രകൃതി ഏറെ അനുയോജ്യമാണെന്ന നിർദേശമുണ്ടായി. കടമക്കുടിയുടെ ചിഹ്നം പതിച്ച സമ്മാനങ്ങൾ, ജല മെട്രോ, രൂപരേഖയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവയും ചർച്ചാവിഷയങ്ങളായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, അഡ്വഞ്ചർ ടൂറിസം ഓൺ വാട്ടർ സ്പോർട്‌സ് സിഇഒ ബിനു കുര്യാക്കോസ്, കീർത്തി തിലകൻ, എസ് ശ്രീജിത്, മനോജ് പടമാടൻ, ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.









0 comments