വായ്പത്തട്ടിപ്പ് വാർത്ത നൽകിയതിന് ദേശാഭിമാനി ലേഖകനെ മർദിച്ചു

ആലുവ
യുഡിഎഫ് നേതൃത്വത്തിലുള്ള ചേന്ദമംഗലം സഹകരണബാങ്കിൽ വായ്പത്തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വാർത്ത നൽകിയതിന് ദേശാഭിമാനി പറവൂർ ലേഖകൻ വി ദിലീപ് കുമാറിനെ (57) മർദിച്ചു. കരുമാല്ലൂർ പഞ്ചായത്ത് മാഞ്ഞാലി മാട്ടുപുറം തേക്കുംകാട്ടിൽ ടി എസ് ഷൈബി (45), വടക്കേക്കര പഞ്ചായത്ത് പഴമ്പിള്ളിശേരിൽ പി എസ് രാജേന്ദ്ര പ്രസാദ് (55) എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. തലയ്‌ക്കും മുഖത്തും കഴുത്തിനും പരിക്കേറ്റ ദിലീപ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചേന്ദമംഗലം സഹകരണ ബാങ്കിൽ സ്ഥലം പണയംവച്ച് അധികതുക ഈടാക്കി നടത്തിയ തട്ടിപ്പിൽ ഷൈബിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിനെക്കുറിച്ച് വാർത്ത നൽകിയതാണ് മർദനത്തിന് കാരണം. വാർത്തയിൽ പേര് സൂചിപ്പിച്ചെന്നുപറഞ്ഞ് രാജേന്ദ്രപ്രസാദ് സമൂഹമാധ്യമത്തിലൂടെ നിരന്തരമായി ദിലീപിനെ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് വെള്ളി വൈകിട്ട് വടക്കൻ പറവൂർ പ്രസ് ക്ലബ്ബിന് താഴെയുള്ള കടയിൽ ചായ കുടിക്കാൻ പോകുന്നതിനിടെ ദിലീപിനെ ഇവർ മർദിച്ചത്. പ്രതികൾക്കെതിരെ കേസെടുത്ത പറവൂർ പൊലീസ് ദിലീപ് കുമാറിന്റെ മൊഴിയെടുത്തു.
വൈസ് പ്രസിഡന്റായ ദിലീപ് കുമാറിനെ മർദിച്ചതിൽ പറവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സെക്രട്ടറി വർഗീസ് മാണിയാറ ആവശ്യപ്പെട്ടു. കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സെക്രട്ടറിയായ ദിലീപ് കുമാറിനെ മർദിച്ച സംഭവത്തിൽ കെജെയു പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.








0 comments