25 വാഹനങ്ങൾക്കെതിരെ കേസ്
നികുതി വെട്ടിച്ച് സർവീസ് : 9 അന്തർസംസ്ഥാന ബസുകൾ പിടിച്ചു

നികുതി വെട്ടിച്ച് ഓടിയതിന് പിടിച്ചെടുത്ത അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ കലക്‌ടറേറ്റ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയപ്പോൾ
കാക്കനാട്
നികുതി അടയ്ക്കാതെ കൊച്ചിയിലേക്ക് സർവീസ് നടത്തിയ ഒമ്പത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നികുതി, പിഴ ഇനത്തിൽ 52 ലക്ഷം രൂപ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 25 വാഹനങ്ങൾക്കെതിരെ കേസെടുത്തു. വാഹനങ്ങൾ കലക്ടറേറ്റിലെ പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റി.
തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്ന് കൊച്ചിയിലേക്കെത്തിയ
അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളാണ് പിടിച്ചെടുത്തവയിൽ ഏറേയും. കേരളത്തിൽ അടയ്ക്കേണ്ട റോഡ് നികുതി അടയ്ക്കാതെ അന്തർസംസ്ഥാന ബസുകൾ സർവീസ് നടത്തുന്നതായി വ്യാപക പരാതിയുയർന്നതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നടപടി.
വൈറ്റില ജങ്‌ഷൻ, പാലാരിവട്ടം ബൈപാസ് റോഡുകളിൽ വെള്ളി പുലർച്ചെ മൂന്നുമുതൽ പരിശോധന ആരംഭിച്ചു. അന്തർസംസ്ഥാന ടൂറിസ്റ്റ്‌ബസുകൾ മൂന്നുമാസം കൂടുമ്പോഴാണ് നികുതി അടയ്‌ക്കേണ്ടത്. നികുതി മുടങ്ങിയാൽ ഇരട്ടിത്തുക അടയ്‌ക്കണം. പിടിച്ചെടുത്ത ബസുകൾക്ക് ഒന്നുമുതൽ രണ്ടുലക്ഷം രൂപവരെ പിഴയൊടുക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അമിതവേഗം, എയർഹോൺ ഉപയോഗം, നമ്പർപ്ലേറ്റുകളിലെ ക്രമക്കേട്, വാഹനരേഖകളിലെ ക്രമക്കേട് തുടങ്ങിയ മറ്റു ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.









0 comments