ശാന്തിപുരത്തുകാർക്ക‍് 197 വീടുകൾ ഒരുങ്ങുന്നു

കൊച്ചി
കോർപറേഷൻ 44–--ാം ഡിവിഷനിൽ കാരണക്കോടം ഭാഗത്ത് ശാന്തിപുരം കോളനിയെന്ന് അറിയപ്പെട്ടിരുന്നിടത്തെ 197 കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുങ്ങുന്നു. ഭവന പുനർനിർമാണത്തിന്റെ ആദ്യഘട്ടം ഉടൻ ആരംഭിക്കുമെന്ന് കൊച്ചി മേയർ എം അനിൽകുമാർ അറിയിച്ചു. നിലവിൽ മുക്കാൽസെന്റ് വീതമാണ് ഓരോ കുടുംബത്തിനുമുള്ള ഭൂമി.
വളരെ പഴക്കമുള്ള അടച്ചുറപ്പില്ലാത്ത വീടുകൾക്ക് പകരം സുരക്ഷിതമായ വീടുകളൊരുക്കുകയെന്ന നഗരസഭയുടെ ദീർഘകാല ലക്ഷ്യങ്ങളിലൊന്നാണ് പുതിയ പദ്ധതിയിലൂടെ പൂർത്തിയാകുന്നത്. ബജറ്റിലും ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു.
ആസാദി ഗ്രൂപ്പിന്റെ ആർക്കിടെക്ട് എൻജിനിയറിങ് കോളേജിന്റെ നേതൃത്വത്തിൽ മൂന്നുസെന്റിൽ നാലുവീടുകൾ എന്ന നിലയിൽ എട്ടുവീടുകൾ വീതമുള്ള ഓരോ ബ്ലോക്കായി ഫ്ലാറ്റുകൾ നിർമിക്കാനുള്ള പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഒരുവീടിന് 10 ലക്ഷം രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നഗരസഭയ്‌ക്ക് ലൈഫ് പദ്ധതിയിൽ ഒരു കുടുംബത്തിന് നൽകാവുന്ന പരമാവധി തുക നാലുലക്ഷം രൂപയാണ്.
ബാക്കിയുള്ള ആറുലക്ഷം കണ്ടെത്തുകയായിരുന്നു ഇത്രയുംനാൾ നഗരസഭയുടെ മുന്നിലുണ്ടായിരുന്ന കടമ്പ. ബിപിസിഎൽ- ഒരുകോടി രൂപയും മറീന വൺ ഗ്രൂപ്പ് 50 ലക്ഷം രൂപയും പൊതുനന്മ ഫണ്ട് ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയതായി മേയർ പറഞ്ഞു. ഡിവിഷൻ കൗൺസിലർ ജോർജ് നാനാട്ടിന്റെ ശ്രമഫലമായാണ് പദ്ധതി മുന്നോട്ടുപോയതെന്നും മേയർ പറഞ്ഞു.









0 comments