എച്ച്എംടി ഇനി എത്രനാൾ?

കളമശേരി എച്ച്എംടി യൂണിറ്റ്
കെ പി വേണു
Published on Nov 05, 2025, 03:17 AM | 2 min read
കളമശേരി
വ്യവസായശാലകൾക്ക് ആവശ്യമായ വൻകിട യന്ത്രങ്ങൾ നിർമിച്ചു നൽകിവന്ന ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്‌എംടി) അറിയപ്പെടുന്നത് അമ്മ വ്യവസായം (മദർ ഇൻഡസ്ട്രി) എന്നാണ്. ഒരു കാലത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന എച്ച്എംടി കേന്ദ്രത്തിലെ കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ തെറ്റായ നിലപാടുകളുടെ ഭാഗമായി തകർച്ചയുടെ നിലയില്ലാക്കയത്തിലാണ്.
എച്ച്‌എംടി പുനരുദ്ധാരണത്തിനായുള്ള മുറവിളികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇൗ സാഹചര്യത്തിലാണ് കഴിഞ്ഞവർഷം കേന്ദ്ര ഘനവ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി കളമശേരി യുണിറ്റ് സന്ദർശിച്ചത്. എച്ച്‌എംടിക്ക് അദ്ദേഹം പുനരുദ്ധാരണ പാക്കേജ് വാഗ്ദാനം ചെയ്തു. രൂപരേഖ തയ്യാറാക്കാൻ ഏജൻസിയെ ഏൽപ്പിച്ചു. എന്നാൽ, കാര്യങ്ങൾ അവിടെനിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോയില്ല. കന്പനിയുടെയും തൊഴിലാളികളുടെയും ഭാവി കൂടുതൽ അനിശ്ചിതത്വത്തിലുമായി. കേന്ദ്രം ഭരിച്ച സർക്കാരുകളുടെ തെറ്റായ നയങ്ങളും നടപടിയുമാണ് എച്ച്‌എംടിപോലുള്ള പൊതുമേഖലയിലെ അഭിമാനസ്‌തംഭങ്ങളെ തകർച്ചയിലേക്ക് നയിച്ചത്. അതേക്കുറിച്ച് മൂന്നു ദിവസങ്ങളിലായി വായിക്കാം.
തൊണ്ണൂറുകളുടെ മധ്യംവരെ ഘനവ്യവസായ വിപണിയുടെ 60 ശതമാനം കൈയടക്കിയിരുന്ന എച്ച്എംടിയിൽ ഇപ്പോൾ ഉൽപ്പാദനം ഒരു ശതമാനത്തിൽ താഴെ മാത്രം. കമ്പനിയുടെ യൂണിറ്റുകളിൽ ലാഭത്തിലായിരുന്ന കളമശേരിയും രണ്ട് വർഷത്തിലേറെയായി നഷ്ടത്തിൽ. 24 കോടിയായിരുന്നു പോയ വർഷത്തെ നഷ്ടം. 28 വർഷംമുമ്പത്തെ വേതനമാണ് കളമശേരി യൂണിറ്റിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. അതും കൃത്യമായി കിട്ടാത്ത അവസ്ഥ.
1953 ലാണ് ബംഗളൂരു ആസ്ഥാനമായി എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ബംഗളൂരു, ഹൈദരാബാദ്, പിഞ്ചോർ (ഹരിയാന), കളമശേരി, അജ്മീർ (രാജസ്ഥാൻ), ജമ്മു കശ്മീർ, ഔറംഗബാദ് (മഹാരാഷ്ട്ര) തുടങ്ങി യൂണിറ്റുകളും ആരംഭിച്ചു. വാച്ച്, ട്രാക്ടർ, ബെയറിങ്, ഡയറി മെഷീൻ, പ്രിന്റിങ് പ്രസ്, ലെയ്ത്ത് എന്നിങ്ങനെ എച്ച്എംടി ഉൽപ്പന്നങ്ങൾ ലോകമാർക്കറ്റിൽ ഇടംപിടിച്ചു.
1964 ൽ നാലാമത്തെ യൂണിറ്റായാണ് കളമശേരി എച്ച്എംടി പ്രവർത്തനമാരംഭിച്ചത്. സ്വിറ്റ്സർലൻഡിലെ ഓർലികോണുമായി ചേർന്ന് ലെയ്ത്ത് നിർമിച്ചായിരുന്നു തുടക്കം.
1971ൽ രാജ്യത്താദ്യമായി പൊതുമേഖലയിലെ പ്രിന്റിങ് പ്രസ് നിർമാണവും തുടങ്ങി. 1985ൽ കംപ്യൂട്ടർ അധിഷ്ഠിത ലെയ്ത്ത് നിർമാണം തുടങ്ങി. പ്രതിരോധവകുപ്പിന്റെ ആയുധ നിർമാണശാലകൾ, റെയിൽവേ, വൻകിട സ്വകാര്യ -പൊതുമേഖല വ്യവസായങ്ങൾ, ഐഎസ്ആർഒ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ മെഷീൻ ടൂൾസ് നിർമിച്ചു നൽകാനും യൂണിറ്റിനായി. നാവിക കപ്പലുകൾക്ക് ആവശ്യമായ ഡയറക്റ്റിങ് ഗിയർ നിർമിക്കുന്ന മൂന്നു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയതിൽ കളമശേരി യൂണിറ്റിന്റെ പങ്ക് വലുതാണ്. തൊണ്ണൂറുകളുടെ മധ്യംവരെ ഇവിടെ മുവായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്നു.
1991ൽ ആഗോളവൽക്കരണ നയങ്ങളുടെ വരവോടെയാണ് മറ്റെല്ലാ പൊതുമേഖലകൾക്കുമുണ്ടായ ദുരന്തത്തിലേക്ക് എച്ച്‌എംടിയും കൂപ്പുകുത്തിയത്. കോൺഗ്രസ് സർക്കാരുകളെ വെല്ലുംവിധം ബിജെപിയും കൂടുതൽ ശക്തമായി സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പാക്കാനാരംഭിച്ചതോടെ തകർച്ചയുടെ ചിത്രം പൂർത്തിയായി.









0 comments