അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം നടത്തി
ഈവർഷത്തെ ഗദ്ദികമേള കൊച്ചിയില്‍: മന്ത്രി ഒ ആര്‍ കേളു

കൊച്ചി
പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗദ്ദിക നാടന്‍കലാ–- ഉൽപ്പന്നമേള ഈ വർഷം കൊച്ചിയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. കിർതാഡ്സിന്റെ ആഭിമുഖ്യത്തിൽ "ബൊയ്ഗവേ' എന്ന് പേരിട്ടിരിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗോത്രഗ്രാമങ്ങളിലെ രഹസ്യ കാട്ടുമരുന്നുകൾ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാത്തവർ സാംസ്കാരിക കേരളത്തിന് വരുത്തിവയ്ക്കുന്നത് കനത്ത നഷ്ടമാണ്. അറിവിന്റെ വലിയൊരു ശൃംഖലയാണ് തദ്ദേശീയ ജനവിഭാഗങ്ങള്‍, ഇത്തരം പരമ്പരാഗത അറിവുകൾ സംരക്ഷിക്കുന്നത് രാജ്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മേയർ എം അനിൽകുമാർ അധ്യക്ഷനായി. ആലുവ യുസി കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. ജെനി പീറ്റർ മുഖ്യപ്രഭാഷണം നടത്തി. കിർതാഡ്സ് ഡയറക്ടർ ഡോ. എസ് ബിന്ദു, ടി സന്ധ്യ ശേഖർ, വി എസ് സുഭാഷ്, അനിൽ ഭാസ്കർ, പത്മ എസ് മേനോൻ എന്നിവർ സംസാരിച്ചു.
ഗോത്രവിഭാഗത്തിൽനിന്നുള്ള ഭരതനാട്യ കലാകാരന്‍ കെ എസ് സുകു, നാട്ടുവിജ്ഞാനീയ വിദഗ്ധൻ അയ്യപ്പദാസ്, മറിയാമ്മ ഫെർണാണ്ടസ്, ഡോ. കെ പി നിതീഷ്‌കുമാര്‍, പി പ്രിമൽ രാജ്, ഒ കെ പ്രഭാകരൻ, കുട്ടപ്പൻ കാണി, സനില കുഞ്ഞുമോൻ, പി ആര്‍ കണ്ണപ്പൻ എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്ന് ഗോത്രജനതയുടെ പൈതൃക സാംസ്കാരിക സംരക്ഷണത്തെക്കുറിച്ച് ചർച്ചയും നടന്നു.









0 comments