‘ഗദ്ദിക’യില്‍ സന്ദർശകരുടെ തിരക്കേറി

gaddika
വെബ് ഡെസ്ക്

Published on Aug 31, 2025, 03:18 AM | 1 min read


കൊച്ചി

മണ്ണും മുളയുംകൊണ്ട്‌ നിർമിച്ച ഉൽപ്പന്നങ്ങളും തനത്‌ ആദിവാസി മരുന്നുകളും ഭക്ഷണ സാധനങ്ങളും വാങ്ങാനും കണ്ട്‌ ആസ്വദിക്കാനും ‘ഗദ്ദിക 2025’ല്‍ തിരക്കേറി. പട്ടികജാതി–വർഗ പിന്നാക്ക ക്ഷേമവകുപ്പ്‌, കിർത്താഡ്‌സുമായി സഹകരിച്ച്‌ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്ര‍ൗണ്ടിലാണ് മേള ഒരുക്കിയിരിക്കുന്നത്. 95 സ്‌റ്റാളുകളുണ്ട്‌. ആദിവാസി കലാകാരന്മാർ നിർമിച്ച മുള ഉൽപ്പന്നങ്ങളാണ്‌ സ്‌റ്റാളുകളുടെ ആകർഷണം. മുളയിൽ നിർമിച്ച ആഭരണങ്ങൾ വാങ്ങാൻ സ്‌ത്രീകളുടെ തിരക്കാണ്‌. 100 രൂപമുതൽ 500 രൂപവരെയുള്ള കമ്മലുകളും മാലകളും ലഭ്യം. മുളയിലൊരുക്കിയ ബുക്ക്‌ മാർക്ക്‌മുതൽ ലാമ്പ്‌ഷേഡുകൾവരെ വില്‍പ്പനയ്ക്കുണ്ട്. കുട്ടയും വട്ടിയും പായും ഉറിയും തിരികടയും എല്ലാം സ്റ്റാളുകളിലുണ്ട്. ആദിവാസി പാരമ്പര്യ വൈദ്യന്മാരുടെ സ്‌റ്റാളുകളിൽ വൻ തിരക്കാണ്‌. മുടികൊഴിച്ചിൽ തടയാനും മുടി വളരാനുമുള്ള എണ്ണ വാങ്ങാനാണ്‌ തിരക്ക്‌.


മേളയുടെ ഭാഗമായി ദിവസവും പകൽ സെമിനാറുകളും വൈകിട്ട്‌ കലാപരിപാടികളുമുണ്ട്‌. ആർഎൽവി രാമകൃഷ്‌ണന്റെ നൃത്തവും ഗോത്രകലാകാരന്മാരുടെ പാരമ്പര്യ കലാവതരണവും ശനിയാഴ്ച അരങ്ങേറി. ഞായർ പകൽ 3.30ന്‌ ‘സഹകരണ മേഖലയും സംരംഭകത്വ വികസനവും: നൂതന ചുവടുവയ്‌പ്പുകൾ’ വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. ഉമ തോമസ്‌ എംഎൽഎ അധ്യക്ഷയാകും. പുഷ്‌പവതിയുടെ സംഗീതപരിപാടി അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Home