ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി ദേശീയ അംഗീകാര നിറവില്‍

മട്ടാഞ്ചേരി
ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി ദേശീയ അംഗീകാര നിറവില്‍. നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് അംഗീകാരമാണ് ഫോർട്ട് കൊച്ചി താലൂക്കാശുപത്രിക്ക് ലഭിച്ചത്.
സംസ്ഥാനതലത്തിൽ ഏഴാമതായി ദേശീയ അംഗീകാരം നേടുന്ന ആശുപത്രിയും ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രിയാണ്. 89.08 ശതമാനം മാർക്കോടെയാണ് ആശുപത്രിക്ക് നേട്ടം കൈവരിക്കാനായത്. അത്യാഹിതവിഭാഗം, ലബോറട്ടറി, ഫാർമസി, ഗൈനക്കോളജി, പീഡിയാട്രിക് ജനറൽ മെഡിസിൻ, ഡെന്റൽ ഓപ്പറേഷൻ തിയറ്റർ, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, പൊതുജനാരോഗ്യവിഭാഗം എന്നിവയും ഇഎൻടി, ഒഫ്താൽമോളജി, ഓർത്തോ, സൈക്യാട്രി എന്നിവ നാഷണൽ ഹെൽത്ത് മിഷന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവർത്തിച്ചുവരുന്നു. പ്രതിമാസം 40 മുതല്‍ 50 വരെ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയാണിത്.
മട്ടാഞ്ചേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്. പുതിയ ഒപി ബ്ലോക്കിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. കൊച്ചി നഗരസഭാ ഫണ്ട് വിനിയോഗിച്ച് പേ വാർഡ്, കുട്ടികളുടെ വാർഡ് എന്നിവയുടെ നവീകരണവും ജറിയാട്രിക് യൂണിറ്റ് പുതിയ ബ്ലോക്കിന്റെ നിർമാണവും നടന്നുവരുന്നു. 19 ഡയാലിസിസ് മെഷീനുള്ള ഡയാലിസിസ് യൂണിറ്റിൽ ഇതിനോടകം 35,000 ഡയാലിസിസ് പൂർത്തിയാക്കി. 100 രൂപയ്ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യവുമുണ്ട്. നഗരസഭാ ഫണ്ട് വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
കൊച്ചി നഗരസഭയിലെ മുഴുവൻ സാന്ത്വനപരിചരണവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്നതും ഫോർട്ട് കൊച്ചി താലൂക്കാശുപത്രി സൂപ്രണ്ടായ ഡോ. കെ പ്രസന്നകുമാരിയുടെ നേതൃത്വത്തിലാണ്. മേയർ എം അനിൽകുമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ദേശീയ അംഗീകാരത്തിന് കാരണമായതെന്ന് സൂപ്രണ്ട് പറഞ്ഞു. ദേശീയ അംഗീകാരത്തോടെ ഒരു കിടക്കയ്ക്ക് 10,000 രൂപവീതം പ്രതിവർഷം ആശുപത്രിവികസനത്തിന് കൂടുതലായി ലഭിക്കും. 240 കിടക്കയുള്ള ഇവിടെ ഇതോടെ പ്രതിവര്‍ഷം 24 ലക്ഷം രൂപ വികസനത്തിനായി ലഭിക്കും.









0 comments