വ്യാജബോംബ് ഭീഷണി: പറവൂരിൽ കോടതികളുടെ പ്രവർത്തനം സ്തംഭിച്ചു

പറവൂർ
കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഇ മെയിൽ സന്ദേശം ലഭിച്ചത് പരിഭ്രാന്തിപരത്തി. ബുധൻ പകൽ 11ന് പറവൂർ പ്രിൻസിപ്പൽ സബ് കോടതിയുടെ ഇ-മെയിലിലാണ് സന്ദേശമെത്തിയത്. രണ്ട് പെട്ടികൾ കോടതിക്കുള്ളിൽ വച്ചിട്ടുണ്ടെന്നും പകൽ 1.30 ഓടെ കോടതിയിൽനിന്ന് എല്ലാവരെയും മാറ്റണമെന്നുമായിരുന്നു സന്ദേശം. വിവരം അറിഞ്ഞതോടെ കോടതികളുടെ പ്രവർത്തനം നിർത്തിവച്ചു. അഭിഭാഷകരും കക്ഷികളും ഉൾപ്പെടെ കോടതികളിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തിറങ്ങി. വിവിധ കെട്ടിടങ്ങളിലായി കച്ചേരി മൈതാനത്ത് ആറ് കോടതികളുണ്ട്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കെട്ടിടങ്ങളുടെ അകത്തും പരിസരത്തും പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പകൽ രണ്ടുവരെ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താൻ കഴിയാതിരുന്നതോടെ വ്യാജസന്ദേശമായിരുന്നെന്ന് വ്യക്തമായി. ഇതിനിടയിൽ കോടതി കെട്ടിടങ്ങളുടെ വരാന്തകളിൽ പലയിടത്തും രക്തപ്പാടുകൾ കണ്ടതും ആശങ്കയ്‌ക്ക് കാരണമായി. എന്നാൽ, ഇതു മനുഷ്യരക്‌തമാണോ മൃഗത്തിന്റേതാണോ എന്നു വ്യക്‌തമല്ല. അതിനായി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. മുറിവേറ്റ നായയുടെ കാൽ പതിഞ്ഞതുപോലുള്ള പാടുകളാണെന്നാണ് പൊലീസിന്റെ നിഗമനം. ജില്ലാ പൊലീസ് മേധാവി ഡോ. എം ഹേമലത മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ എന്നിവർ സ്‌ഥലത്തെത്തി പരിശോധനയ്‌ക്ക് നേതൃത്വം നൽകി.
[email protected] എന്ന മെയിൽ ഐഡിയിൽനിന്നു വന്ന സന്ദേശത്തിൽ ‘മദ്രാസ് ടൈഗേഴ്സ്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ ചില സംഭവങ്ങൾ പരസ്‌പരബന്ധമില്ലാതെ എഴുതിയിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിൽനിന്നുതന്നെയാണ് സന്ദേശമെത്തിയതെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇ -മെയിൽ വന്നത് ഓപ്പൺ സോഴ്സ് ഇന്റർനെറ്റ് വഴിയല്ലെന്നും ഡാർക് വെബ് വഴിയാണെന്നുമാണ് നിഗമനം. പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായതോടെ പകൽ മൂന്നിന് കോടതിയുടെ പ്രവർത്തനം പുനരാരംഭിച്ചു. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.








0 comments