ആദ്യ തൊഴിൽമേള പാറക്കടവ്, പറവൂർ, ആലങ്ങാട്, അങ്കമാലി ബ്ലോക്കുകൾ കേന്ദ്രീകരിച്ച്
ജോലി നൽകും വിജ്ഞാന എറണാകുളം ; തൊഴിൽമേളയ്‌ക്ക് ഒരുക്കം തുടങ്ങി

കൊച്ചി
ജില്ലയിലെ തൊഴിലന്വേഷകർക്ക് ജോലി ലഭ്യമാക്കാൻ വിജ്ഞാന എറണാകുളം. ആഗസ്‌തിൽ തൊഴിൽമേള നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. തൊഴിൽ തേടുന്നവർക്ക് മികച്ച പരിശീലനം നൽകി അഭിമുഖത്തിൽ തിളങ്ങാനും ജോലി സ്വന്തമാക്കാനും കഴിയുംവിധത്തിലുള്ള പ്രവർത്തനങ്ങളാണ് വിജ്ഞാന എറണാകുളം ജില്ലാ കൗൺസിൽ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നത്.
പരിശീലകരായി 32 മെന്റർമാരുണ്ട്. ഇവരുടെ നേതൃത്വത്തിൽ താഴെ തട്ടിലുള്ള മെന്റർമാർക്ക് പരിശീലനം നൽകും. ഇവരാകും തൊഴിലന്വേഷകരെ അവരുടെ അഭിരുചി, ആഗ്രഹിക്കുന്ന തൊഴിൽ എന്നിവ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുക. ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ കേന്ദ്രീകരിച്ചും പിന്നീട് ജില്ലാടിസ്ഥാനത്തിലും മെഗാ തൊഴിൽമേള സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിജ്ഞാന കേരളം ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ആർ രാജേഷ് പറഞ്ഞു.
പാറക്കടവ്, പറവൂർ, ആലങ്ങാട്, അങ്കമാലി ബ്ലോക്കുകൾ കേന്ദ്രീകരിച്ചാകും ആദ്യ തൊഴിൽമേള. പറവൂർ, അങ്കമാലി നഗരസഭകളും ഇതിലുൾപ്പെടും. പതിനായിരത്തിലധികം തൊഴിൽ നൽകുകയാണ് ലക്ഷ്യം. ജില്ലയിലുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. വിവിധ മേഖലകളിലെ തൊഴിൽദാതാക്കളുടെ സംഗമവും ഇതിനുമുന്നോടിയായി സംഘടിപ്പിക്കും. ഇതിൽനിന്ന് ലഭ്യമാക്കാൻ കഴിയുന്ന ജോലികളുടെ എണ്ണം, ശമ്പളം, തൊഴിൽസമയം, സ്വഭാവം, തൊഴിലിടവും വീടും തമ്മിലുള്ള ദൂരം ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കും. വീട്ടമ്മമാർക്ക് ഉൾപ്പെടെ ജോലി ഉറപ്പാക്കും. സമീപജില്ലകളിലുള്ളവർക്കും തൊഴിൽ നൽകാൻ കഴിയുംവിധത്തിലായിരിക്കും മെഗാ തൊഴിൽമേള നടത്തുക. തെരഞ്ഞെടുക്കുന്നവർക്ക് തൊഴിൽദാതാക്കളുമായി സഹകരിച്ച് പരിശീലനം നൽകിയ ശേഷമായിരിക്കും നിയമനം.
സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ജില്ലയാണ് എറണാകുളം. മന്ത്രി പി രാജീവാണ് വിജ്ഞാന എറണാകുളം കൗൺസിൽ ചെയർമാൻ. ബ്ലോക്ക്–-മുനിസിപ്പൽ തലങ്ങളിലെ ജോബ്‌സ്‌റ്റേഷൻ, സിഡിഎസുകളിലെ തൊഴിൽ കേന്ദ്രങ്ങൾ, https://knowledgemission.kerala.gov.in/ ഇവവഴി തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാം. കുടുംബശ്രീ സിഡിഎസുകൾവഴിയും തൊഴിൽദാതാക്കളെ കണ്ടെത്തും.









0 comments