കാഴ്ചവിരുന്ന് 3 നാൾകൂടി

ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മേളയുടെ ഭാഗമായി സജ്ജമാക്കിയ നെൽവയലും കുടിലും ഉൾപ്പെടെയുള്ള കേരളത്തിലെ ഗ്രാമീണ ദൃശ്യം
കൊച്ചി
അഞ്ചാംദിനത്തിലേക്ക് കടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിരക്കേറുന്നു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയിൽ വിവിധ സ്റ്റാളുകളിൽ ഒരുക്കിയിട്ടുള്ള മത്സരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ നിരവധിപേർ എത്തുന്നുണ്ട്.
ബർമ പാലം, കായികവകുപ്പിന്റെ സ്റ്റാളിലെ വിവിധ പ്രവർത്തനങ്ങൾ, കെഎസ്‌ഇബിയുടെയും പൊലീസിന്റെയും ജിഎസ്‌ടി വിഭാഗത്തിന്റെയും കെഎഫ്‌സിയുടെയുമെല്ലാം സ്റ്റാളിലെ ചോദ്യോത്തര മത്സരങ്ങളും കാഴ്‌ചക്കാരെ ആകർഷിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളുമുണ്ട്. മേളയുടെ ഭാഗമായി ചൊവ്വാഴ്ച പിന്നാക്കവിഭാഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ കരിയർ ഓറിയന്റേഷൻ സംഘടിപ്പിച്ചു. തുടർപഠനത്തിന്റെ സാധ്യതകൾ കുട്ടികളുമായി പങ്കുവച്ച പരിപാടി പിന്നാക്കവിഭാഗ വികസനവകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ എസ് ഷബീന ഉദ്‌ഘാടനം ചെയ്തു. ശർമിള സത്യനാഥ്, ബെന്നി മാത്യു എന്നിവർ സംസാരിച്ചു.
തദ്ദേശവകുപ്പ് ജീവനക്കാരുടെ തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ഗിറ്റാർ ഫ്യൂഷൻ എന്നിവയും അരങ്ങേറി. വൈകിട്ട് ഗ്രൂവ് ബാൻഡിന്റെ സംഗീതനിശയും നടന്നു. മേള 23ന് സമാപിക്കും.









0 comments