തിരക്കിലലിഞ്ഞ് മറൈന്‍ഡ്രൈവ്

അഗ്നിരക്ഷാ വിഭാഗത്തിന്റെ സ്റ്റാളിലെ ബർമ പാലത്തിലൂടെ ചുവടുവയ്ക്കാൻ ഭയന്ന കുരുന്നിനെ കൈപിടിച്ചു നടത്തുന്ന ഉദ്യോഗസ്ഥർ. ഫോട്ടോ / വി കെ അഭിജിത്
കൊച്ചി
മറൈൻഡ്രെെവിൽ ആരംഭിച്ച നാലാമത് എന്റെ കേരളം പ്രദർശന–-വിപണന മേളയുടെ രണ്ടാംദിനത്തിൽ ഒഴുകിയെത്തിയത് ആയിരങ്ങൾ. മേളയിൽ കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിലുള്ള റോബോ ടോയ് ഡോഗ് ‘ബെൻ’, സാഹസികർക്കായി അഗ്നി രക്ഷാസേനയുടെ ബർമ പാലം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘360–-സെൽഫി പോയിന്റ്’, സെൽഫി ബൂത്ത്, സിനിമ തിയറ്റർ തുടങ്ങിയ കാഴ്‌ചകളാണ് വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതിനായി 276 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.
കുന്നും മലയും ഒരുക്കി വെർച്വൽ റിയാലിറ്റിയിലൂടെ തിരമാലയുടെ അനുഭവം പകർന്ന് ടൂറിസംവകുപ്പും മേളയെ ആകർഷകമാക്കുന്നുണ്ട്. ഭക്ഷണപ്രേമികൾക്ക് പുത്തൻ രുചിവൈവിധ്യങ്ങൾ പകർന്ന് കുടുംബശ്രീ ഭക്ഷ്യമേളയും തിരക്കിലാണ്. വനസുന്ദരി ചിക്കനും ഡസനോളംവരുന്ന പായസങ്ങളുമാണ് ഭക്ഷ്യമേളയിലെ വിഐപികൾ. പ്രശസ്ത ബാൻഡുകളുടെ നേതൃത്വത്തിൽ രാത്രിയുള്ള സംഗീതനിശയിലേക്കും വൻ ജനക്കൂട്ടമാണ് എത്തുന്നത്. 23ന് മേള സമാപിക്കും.









0 comments