കണ്ടറിയാം, നവകേരളത്തെ

"എന്റെ കേരളം' പ്രദര്‍ശന–വിപണനമേളയുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ കെ–9 സ്‌ക്വാഡിന്റെ ശ്വാന അഭ്യാസത്തിൽനിന്ന് /ഫോട്ടോ സുനോജ് നൈനാൻ മാത്യു
കൊച്ചി
നവകേരളത്തിന്റെ നേട്ടങ്ങളറിയാൻ മൂന്നാംദിനവും ജനങ്ങളൊന്നാകെ. രണ്ടാംപിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേള കാണാനും കുട്ടികളുടെയും മുതിർന്നവരുടെയും വലിയ തിരക്കാണുള്ളത്. സ്റ്റാളുകൾക്കൊപ്പം നിരവധി പരിപാടികളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. തിങ്കൾ രാവിലെ ഹരിതകർമസേനയും കുടുംബശ്രീയും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. തദ്ദേശ ജോയിന്റ് ഡയറക്ടർ കെ കെ ജോയ് ഉദ്‌ഘാടനം ചെയ്തു.
വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻ കേരള’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വ്യവസായ ഡയറക്ടർ വിഷ്ണുരാജ് ഉദ്‌ഘാടനം ചെയ്തു. എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഓട്ടൻതുള്ളലും ഫ്ലാഷ്‌മോബും കാണികൾ ആവേശത്തോടെ ഏറ്റെടുത്തു. ‘ജീവിതമാണ് ലഹരി’ എന്ന പ്രമേയത്തിൽ 17 ഉദ്യോഗസ്ഥർ ചേർന്നാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. പ്രിവെന്റീവ് ഓഫീസറായ ജിനേഷ് കുമാറിന്റേതായിരുന്നു നൃത്താവിഷ്കാരം. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ വി ജയരാജ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. മേളയിലെ മിനി തിയറ്ററിൽ സിനിമാപ്രദർശനവും നടന്നു. രാത്രി ഏഴിന് കനൽ ബാൻഡിന്റെ സംഗീതനിശയും അരങ്ങേറി.









0 comments