നടപ്പാത മതില്‍കെട്ടി തിരിക്കാനുള്ള ഫാക്ട് നീക്കം നാട്ടുകാർ തടഞ്ഞു

കളമശേരി
ഏലൂർ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ടിന്റെ ഭൂമിയിലൂടെ കടന്നുപോകുന്ന നടപ്പാതയിലെ വിക്കറ്റ് ഗേറ്റിന് മുന്പിലുള്ള ഭൂമി മതിൽകെട്ടി തിരിക്കാനുള്ള ശ്രമം നഗരസഭ ചെയർമാൻ എ ഡി സുജിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പുത്തലം റോഡിൽ വാഹനങ്ങൾ സൈഡ് കൊടുക്കാനും മറ്റും ഉപയോഗിക്കുന്ന പത്തടിയോളം വീതിയുള്ള ഭൂമിയിലാണ് ഫാക്ട് മതിൽ കെട്ടിത്തിരിക്കാൻ ശ്രമിച്ചത്.
വർഷങ്ങളായി പുത്തലം റോഡിൽനിന്ന് ഫാക്ട് ക്വാർട്ടേഴ്സുകളിലേക്കും സ്കൂളിലേക്കും എളുപ്പത്തിൽ എത്താനുള്ള വഴിയായി നാട്ടുകാർ ഉപയോഗിച്ചുവരുന്ന ഗേറ്റിന് സമീപമാണ് ഫാക്ട് അധികൃതർ സ്ഥലം അടച്ചുകെട്ടുന്നത്.
മതിൽ നിർമിക്കാൻ വ്യാഴം രാവിലെ 8.30ന് കരാറുകാരൻ എത്തി, അടുത്തിടെ മന്ത്രി പി രാജീവിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിച്ചപ്പോൾ റോഡരികിൽ പാകിയിരുന്ന കട്ടകൾ നീക്കംചെയ്തതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന്, സ്ഥലത്തെത്തിയ നഗരസഭാ ചെയർമാൻ പണിനിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടു. ഏലൂർ പൊലീസ്, ഫാക്ട് ഉദ്യോഗസ്ഥർ, സിഐഎസ്എഫ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
വെള്ളി രാവിലെ 10ന് ഏലൂർ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താൻ ധാരണയായി.









0 comments