എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത്
കാർഷിക വിപണനകേന്ദ്രം അനധികൃതമായി പഞ്ചായത്ത് ഓഫീസാക്കി യുഡിഎഫ്

എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന ഫലകം ഇളക്കിമാറ്റി പുതിയത് സ്ഥാപിച്ച നിലയില്‍
പിറവം
എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ കാർഷിക വിപണനകേന്ദ്രം അനധികൃതമായി പഞ്ചായത്ത് ഓഫീസാക്കി മാറ്റി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. കെട്ടിടം പഞ്ചായത്ത് ഓഫീസാക്കി തിങ്കളാഴ്ച ഉദ്ഘാടനം നടത്തുംമുമ്പ് കാർഷിക വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനഫലകം യുഡിഎഫ് ഭരണസമിതി നീക്കി. എ സി മൊയ്തീൻ തദ്ദേശമന്ത്രിയായിരിക്കെ പങ്കെടുത്ത പരിപാടിയുടെ ഫലകമാണ് പ്രസിഡന്റ് കെ ആർ ജയകുമാറിന്റെ നേതൃത്വത്തിൽ നീക്കിയത്.
അഞ്ച് വർഷംമുമ്പാണ് പുതിയ മന്ദിരം പണിയാൻവേണ്ടി പഴയ പഞ്ചായത്ത് ഓഫീസ് ഒഴിവാക്കിയത്. തുടര്‍ന്ന്, കർഷകരുടെ വിപണി എന്നനിലയിൽ നിർമിച്ച മന്ദിരത്തിലേക്ക് പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം താൽക്കാലികമായി മാറ്റുകയായിരുന്നു. കാർഷിക വിപണനകേന്ദ്രത്തിന്റെ പ്രവർത്തനം നാമമാത്രമാക്കിയാണ് പഞ്ചായത്ത് ഓഫീസ് ഇവിടെ പ്രവർത്തിച്ചത്. ഒന്നേകാൽ കോടിയോളം മുടക്കി ഈ കെട്ടിടം നവീകരിച്ചതായാണ് ഭരണസമിതി അവകാശപ്പെടുന്നത്.
കാർഷികാവശ്യത്തിന് പണിത കെട്ടിടം നവീകരിക്കാന്‍ ക്രമക്കേട് നടത്തിയാണ് പദ്ധതി തുക വിനിയോഗിച്ചതെന്നും വ്യാപക അഴിമതി നടന്നതായും സിപിഐ എം ലോക്കൽ സെക്രട്ടറി എം ആർ സതീഷ് പറഞ്ഞു.
തിങ്കൾ രാവിലെ 10ന് സിപിഐ എം ലോക്കൽ കമ്മിറ്റിയും എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങളും സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലെത്തി. ഫലകം നീക്കിയവരെക്കൊണ്ടുതന്നെ പുനഃസ്ഥാപിച്ചശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കർഷിക വിപണനകേന്ദ്രം ഫലകത്തിനുചേർന്ന് പുതിയ ഫലകം സ്ഥാപിച്ചു.








0 comments