നഗരത്തിലെ ലഹരിവേട്ട ; 1602 കേസ്, 1770 അറസ്റ്റ്

കൊച്ചി
നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ ഏഴുമാസത്തിനിടെ അറസ്റ്റിലായത് 1770 പേർ. ജനുവരിമുതൽ ജൂലൈ മൂന്നുവരെയുള്ള കണക്കുപ്രകാരം 1602 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്‌തു. നഗരത്തിലെ ലഹരിയിടപാടുകൾ നടക്കുന്നതായി കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകളിൽ ഉൾപ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. കലാലയപരിസരങ്ങളിൽ ഉൾപ്പെടെ നിരീക്ഷണമുണ്ട്. എക്‌സൈസുമായി ചേർന്ന് സ്‌പെഷ്യൽ ഡ്രൈവുകളും നടത്തുന്നു. റെയിൽവേ സ്‌റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളും ഡാൻസാഫ് പരിശോധിക്കുന്നുണ്ട്.
ഡാൻസാഫിന്റെ 36 പേരുള്ള നാലു ടീമുകളാണ് ലഹരിവേട്ടയ്‌ക്ക് കരുത്തായുള്ളത്. എറണാകുളം, എറണാകുളം സെൻട്രൽ, തൃക്കാക്കര, പശ്ചിമകൊച്ചി മേഖലകളായി തിരിച്ചാണ് ഇവരുടെ പ്രവർത്തനം. മയക്കുമരുന്ന് പരിശോധിക്കാനുള്ള കിറ്റും വാഹനങ്ങളും ലഭ്യമാക്കി. ടവർ ലൊക്കേഷൻ കണ്ടെത്തൽ, കോൾ വിശദാംശം പരിശോധിക്കൽ തുടങ്ങിയവയ്‌ക്കായി സൈബർ സെല്ലിലെ ഉദ്യോഗസ്ഥനുമുണ്ട്.
എംഡിഎംഎ പിടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ
വാഴക്കുളത്ത് 46 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. തടിയിട്ടപറമ്പ് തുരുത്തിപ്പാടത്ത് വീട്ടിൽ നിധിൻ ബാലനെ (28)യാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. സൗത്ത് വാഴക്കുളം മണ്ണൂപ്പറമ്പൻ മുഹമ്മദ് അസ്ലം (25), പെരുമ്പാവൂർ ചെമ്പാരത്തുകുന്ന് തെക്കേ വടയത്ത് അജ്മൽ (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്ക് തെളിഞ്ഞത്.
ബംഗളൂരുവിൽനിന്ന് രാസലഹരി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന ശൃംഖലയിലെ മുഖ്യകണ്ണിയാണ് നിധിനെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽനിന്ന് ആലുവയിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാഴക്കുളത്തെ വീട്ടിൽനിന്നാണ് 46 ഗ്രാം രാസലഹരി കണ്ടെടുത്തത്. ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ്, എസ്ഐമാരായ എ ബി സതീഷ്, സി വി എൽദോ, അജിമോൻ, കെ വേണുഗോപാൽ, എഎസ്ഐ അജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ലഹരി പൊലീസ് പിടിച്ചത്
കഞ്ചാവ് 244.494 കിലോ
എംഡിഎംഎ 1.595 കിലോ
മെത്താംഫെറ്റമിൻ 227.896 ഗ്രാം
ബ്രൗൺഷുഗർ 23.714ഗ്രാം
ഹാഷിഷ് ഓയിൽ 88.91 ഗ്രാം
ഹാഷിഷ് 17.34 ഗ്രാം
എൽഎസ്‌ഡി ക്യൂബ് 18.457ഗ്രാം
ഹെറോയിൻ 9.74 ഗ്രാം
എൽഎസ്‌ഡി സ്റ്റാമ്പ് 24 എണ്ണം
നൈട്രാസെപാം ഗുളിക 218 എണ്ണം
കഞ്ചാവുബീഡി 342 എണ്ണം








0 comments