കൊച്ചിയിൽ വൻ രാസലഹരി വേട്ട ; 3 പേർ അറസ്‌റ്റിൽ

കൊച്ചി
കൊച്ചിയിൽ 105.9 ഗ്രാം മെത്താഫെറ്റമിനും 12.9 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്‌റ്റിൽ. ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപത്തുനിന്നാണ് മെത്താഫെറ്റമിനുമായി തൃശൂർ കുന്നത്തൂർ കരിപ്പോട്ട് വീട്ടിൽ നിതിനെ (37) പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കൊറിയർവഴിയാണ് ഇയാൾ മെത്താഫെറ്റമിൻ എത്തിച്ചിരുന്നത്. കാമറയും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന ഷോപ്പിലെ ജീവനക്കാരനാണ്. കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ പോകുന്പോൾ മയക്കുമരുന്ന് ഇടപാടുകാരെ കണ്ട് ആവശ്യമുള്ള ലഹരിയും അളവും പറഞ്ഞുറപ്പിക്കും. തുടർന്ന് ഇയാൾ നൽകുന്ന വിലാസത്തിൽ ബംഗളൂരുവിൽനിന്ന് കൊറിയർ അയക്കുന്നതായിരുന്നു രീതി. കൂട്ടാളികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
രവിപുരം ഭാഗത്തെ ലോഡ്ജിൽനിന്നാണ് കോഴിക്കോട് പേരാന്പ്ര ഇരവട്ടൂർ സ്വദേശി അൻഷിദ് (29), പൂളക്കോൽ തറവട്ടകത്ത് വീട്ടിൽ അമീർ (42) എന്നിവരെ എംഡിഎംഎയുമായി അറസ്‌റ്റ് ചെയ്‌തത്. ലോഡ്ജ് നടത്തിപ്പുകാരനാണ് അമീർ. സുഹൃത്ത് അൻഷിദുമായി ചേർന്ന് ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു എംഡിഎംഎ വിൽപ്പന. ബംഗളൂരുവിൽനിന്ന് ഇടനിലക്കാർവഴിയാണ് എംഡിഎംഎ എത്തിച്ചിരുന്നത്. നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.









0 comments