കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നവരില്‍ പ്രധാനി അറസ്റ്റില്‍

കോലഞ്ചേരി
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന പ്രധാനിയെ ബംഗളൂരുവിൽനിന്ന് തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ വടക്കപ്പറമ്പിൽ ഹസനുൽ ബന്നയാണ് (24) പിടിയിലായത്. ബംഗളൂരുവിൽ ഒളിച്ചുതാമസിച്ചിരുന്ന ഫ്ലാറ്റിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. മൂന്നുമാസംമുമ്പ് വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലമിനെ 46 ഗ്രാം എംഡിഎംഎയുമായി തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾക്ക് രാസലഹരി ലഭിക്കുന്നതിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിനിടയിലാണ് ഹസനുൽ ബന്ന പിടിയിലായത്. ആഫ്രിക്കൻ സ്വദേശിയിൽനിന്ന് മൊത്തമായി വാങ്ങുന്ന എംഡിഎംഎ ബംഗളൂരുവിൽ കൊണ്ടുവന്ന് കേരളത്തിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് പ്രതി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരിവസ്തുക്കൾ തൂക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസുകള്‍ ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.
ബംഗളൂരുവിൽവച്ച്, കേരള രജിസ്ട്രേഷനുള്ള വാഹനം കണ്ട പ്രതി ഫ്ലാറ്റിൽനിന്ന് ഇറങ്ങി ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമം നടത്തി. പൊലീസ് തടഞ്ഞതോടെ തൊട്ടടുത്തുള്ള പാടശേഖരത്തിലേക്ക് ഇറങ്ങിയോടി. പിന്തുടർന്ന പൊലീസ് സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഹസനുൽ ബന്നയെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് തടിയിട്ടപറമ്പ് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്‌പി ഹാർദ്ദിക് മീണയുടെ നിർദേശാനുസരണം തടിയിട്ടപറമ്പ് ഇൻസ്പെക്ടർ പി ജെ കുര്യാക്കോസ്, സിപിഒമാരായ റോബിൻ റോയ്, കെ വിനോദ്, കെ എസ് അനൂപ്, സി ബി ബെനസിർ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.









0 comments