റൂറൽ ജില്ലയിൽ ലഹരിവേട്ട ശക്തം ; 6 മാസത്തിനിടെ 
1712 കേസുകൾ

drugs hunt
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Jul 14, 2025, 03:09 AM | 1 min read


കൊച്ചി

എറണാകുളം റൂറൽ പൊലീസ്‌ ഈവർഷം ആദ്യ ആറുമാസങ്ങളിൽ പിടികൂടിയത്‌ 1712 ലഹരിക്കേസുകൾ. കഴിഞ്ഞവർഷമിത് 2037 ലഹരിക്കേസുകളാണ്‌. റൂറൽ എസ്‌പി എം ഹേമലതയുടെ നേതൃത്വത്തിൽ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ പുരോഗമിക്കുന്നത്‌.


750 ഗ്രാം എംഡിഎംഎ കഴിഞ്ഞവർഷം പിടികൂടിയപ്പോൾ ഈവർഷം ഇതിനകം 750 ഗ്രാം പിടികൂടി. കഴിഞ്ഞവർഷം 270 കിലോ കഞ്ചാവ്‌ പിടികൂടിയപ്പോൾ ഇത്തവണ 225 കിലോ. തുടർച്ചയായി മയക്കുമരുന്ന്‌ കേസുകളിൽ പ്രതിയാകുന്നവരെ അറസ്റ്റ്‌ ചെയ്യുന്ന പിറ്റ്‌ എൻഡിപിഎസ്‌ ആക്ടുപ്രകാരം 15 പേർ അഴിക്കുള്ളിലായി. ഈ വർഷം 975 ഗ്രാം ഹാഷിഷ്‌ ഓയിലും 400 ഗ്രാം ഹെറോയിനും 0.03 ഗ്രാം എൽഎസ്‌ഡിയും ആറു കഞ്ചാവുചെടിയും പിടികൂടി. കഴിഞ്ഞവർഷം 100 ഗ്രാം ഹാഷിഷ്‌ ഓയിലും 230 ഗ്രാം ഹെറോയിനും 181 ഗ്രാം ബ്രൗൺ ഷുഗറും എട്ടു ഗ്രാം എൽഎസ്‌ഡിയും 13 കഞ്ചാവുചെടിയുമാണ്‌ പിടികൂടിയത്‌.


സൈക്കിൾ പമ്പുകളിൽ കഞ്ചാവ്‌

200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ച് 24 കിലോ കഞ്ചാവുമായി ഒഡിഷയിൽനിന്ന് നാലംഗ ഇതരസംസ്ഥാന തൊഴിലാളികളും മെയ്‌ മാസം നെടുമ്പാശേരിയിൽ പിടിയിലായി. ട്രെയിനിലും ബസിലും ഓട്ടോയിലുമായി ഇവർ വിദഗ്‌ധമായി യാത്ര ചെയ്‌തെങ്കിലും റൂറൽ പൊലീസ്‌ പദ്ധതി പൊളിച്ചു.


500 ചാക്ക്‌ നിരോധിത 
പുകയില ഉൽപ്പന്നങ്ങൾ

പെരുമ്പാവൂർ മാറമ്പിള്ളിയിൽ പിടികൂടിയത്‌ 500 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്‌. വിവിധ സംസ്ഥാനങ്ങളിലേക്ക്‌ വിതരണം ചെയ്യാൻ എത്തിച്ച പുകയില ഉൽപ്പന്നങ്ങളാണ്‌ പിടികൂടിയത്‌. കേസിൽ മൂന്നുപേർ അറസ്റ്റിലായി.


രാസലഹരി 
ബംഗളൂരുവിൽനിന്ന്‌, 
കഞ്ചാവ്‌ അസമിൽനിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി കൂടുതലും എത്തുന്നത്‌ ബംഗളൂരുവിൽനിന്നാണ്‌. ഗോവ, ചെന്നൈ എന്നിവിടങ്ങളിൽനിന്നും എത്തുന്നുണ്ട്‌. കഞ്ചാവ്‌ കൂടുതലും എത്തുന്നത്‌ അസം, ഒഡിഷ, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിൽനിന്നാണെന്നും കണക്കുകൾ പറയുന്നു.


ടൂറിസ്റ്റ്‌ ബസുകൾ കേന്ദ്രീകരിച്ചാണ്‌ രാസലഹരി കൂടുതലും എത്തിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഏജന്റുമാരിൽ 95 ശതമാനവും യുവാക്കളാണ്‌. ആഫ്രിക്കൻ വംശജർ ബംഗളൂരുവിൽ പ്രത്യേക ലാബുകൾ സജ്ജീകരിച്ചാണ്‌ എംഡിഎംഎ നിർമിക്കുന്നത്‌. ഇത്തരത്തിൽ മയക്കുമരുന്ന്‌ ഉണ്ടാക്കുന്നവർക്ക്‌ ‘കുക്ക്‌’ എന്നാണ്‌ ഓമനപ്പേര്‌. ലാബുകളിൽ മയക്കുമരുന്ന്‌ നിർമിക്കുന്ന പ്രധാനികളിൽ ഒരാളായ ആഫ്രിക്കൻ വംശജനെ കഴിഞ്ഞവർഷം റൂറൽ പൊലീസ്‌ ബംഗളൂരുവിൽ പോയി പിടികൂടിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home