90 കിലോ കഞ്ചാവുമായി മൂന്ന് ബംഗാളികൾ പിടിയിൽ

കോലഞ്ചേരി
കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് പശ്‌ചിമബംഗാൾ സ്വദേശികൾ പൊലീസ് പിടിയിൽ. മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടിയത്.
ഞായർ പുലർച്ചെ അമ്പുനാട് ബാവപ്പടിയിൽവച്ചാണ് ഇവർ പിടിയിലായത്. ഒഡിഷയിൽനിന്ന് കഞ്ചാവുമായി കാറിൽ പെരുമ്പാവൂരിലേക്ക് വരുമ്പോൾ പുക്കാട്ടുപടിയിൽവച്ച് പൊലീസ് കൈകാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. തുടർന്ന് പിന്തുടർന്നാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. വെസ്റ്റ് ബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു കഞ്ചാവ് കടത്തിയത്. ഒഡിഷയിൽനിന്ന് കിലോയ്‌ക്ക് 2000 രൂപയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ 25,000 രൂപ മുതൽ 30,000 രൂപവരെ വിലയ്‌ക്കാണ് വിറ്റുവന്നത്.
കേരള അതിർത്തിയിൽ കടന്നശേഷം ഊടുവഴികളിലൂടെയായിരുന്നു ഇവർ കൂടുതലും സഞ്ചരിച്ചിരുന്നത്. വിൽപ്പന കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങിപ്പോകും. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ വിലവരും. ഡിവൈഎസ്‌പി ടി എം വർഗീസ്, ഇൻസ്പെക്ടർ പി ജെ
കുര്യാക്കോസ്, എഎസ്ഐ പി എ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments