"പൂത്തിരി’ ഓഫാക്കി എക്‌സൈസ്; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി
‘പൂത്തിരി' എന്ന പ്രത്യേക കോഡിൽ രാസലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ആലുവ ഈസ്റ്റ് കൊടികുത്തിമല മുറ്റത്തുചാലിൽ മുസാഫിർ മുഹമ്മദിനെയാണ് (33) എറണാകുളം റേഞ്ച് എക്സൈസ് പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തുനിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടപാടുകൾക്ക് ഉപയോഗിച്ച സ്മാർട്ട് ഫോണും കസ്റ്റഡിയിലെടുത്തു. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഷെഫീക്ക് ഹനീഫ കേസിൽ രണ്ടാംപ്രതിയാണ്.
കളമശേരി എച്ച്‌എംടി തോഷിബ ജങ്ഷനിൽ പെരിങ്ങഴ ക്ഷേത്രത്തിനുസമീപമുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇടനിലക്കാരനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് മുസാഫിർ പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
ചോദ്യം ചെയ്തതിൽനിന്നാണ് വിൽപ്പനരീതിയടക്കം പുറത്തായത്. സമൂഹമാധ്യമങ്ങളിലൂടെ "പൂത്തിരി’ എന്ന കോഡ് ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പന. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിച്ചശേഷം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ "പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഓർഡർ നൽകും. ഓൺലൈനായി പണം സ്വീകരിച്ച്, മയക്കുമരുന്ന് നനയാത്ത രീതിയിൽ പൊതിഞ്ഞ് ഏതെങ്കിലും സ്ഥലത്തുവച്ചശേഷം ഫോട്ടോയും ലൊക്കേഷനും അയച്ചുകൊടുക്കും.
പിടിയിലായശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നത്. ഷെഫീക്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും എക്‌സൈസ് പറഞ്ഞു. മുസാഫിറിന്റെ പക്കൽനിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി ലഹരിമോചന കേന്ദ്രങ്ങളിൽ എത്തിക്കും. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജ്, സിറ്റി സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ ഡി ടോമി, സി ജി ഷാബു, സിഇഒമാരായ അമൽദേവ്, വി എം ജിബിനാസ്, വി എച്ച് പ്രവീൺകുമാർ, പത്മഗിരിശൻ, അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധന വരുംദിവസങ്ങളിലും തുടരും.









0 comments