അന്തർസംസ്ഥാന ബസിൽ കടത്തിയ കഞ്ചാവുമായി 2 പേർ പിടിയിൽ

കളമശേരി
ബംഗളൂരുവിൽനിന്ന് വരികയായിരുന്ന ബസിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. ചൊവ്വ രാവിലെ 8.15 ഓടെ കളമശേരി അപ്പോളോ ടയേഴ്സിനുമുന്നിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 5.656 കിലോ കഞ്ചാവുമായി ബസിൽ എറണാകുളത്തേക്ക് വരികയായിരുന്ന യുവാക്കൾ പിടിയിലായത്. മണ്ണാർക്കാട് സ്വദേശികളായ അലനല്ലൂർ പൊൻപാറ വീട്ടിൽ റിസ്വാൻ, കോട്ടോപ്പാടം പുളിക്കൽ വീട്ടിൽ റിയാസ് എന്നിവരാണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർ ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിച്ച് എറണാകുളത്തെ സ്കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. കേരളത്തിലെ കഞ്ചാവ് വിൽപ്പനക്കാരുടെ പ്രധാന ഇടനിലക്കാരനായ ഇവരുടെ സംഘത്തിലെ ഒരാൾ ഇപ്പോഴും ഒഡിഷയിലാണുള്ളത്. കഴിഞ്ഞയാഴ്ച ഏഴുകിലോ കഞ്ചാവുമായി വാളയാർ ചെക്ക് പോസ്റ്റിൽ പിടിയിലായ സി പി അരുൺ ഇവരുടെ സംഘത്തിലെ പ്രധാനിയാണ്.
പ്രതികളെ പിടികൂടിയ സംഘത്തിൽ സിവില്‍ എക്സൈസ് ഓഫീസർമാരായ അമല്‍ദേവ്, വി എം ജിബിനാസ്, പ്രവീണ്‍കുമാര്‍, ജിഷ്ണു മനോജ്, പി സി പ്രവീൺ എന്നിവരുമുണ്ടായി.









0 comments