ഹൃദ്രോഗിയെ സ്വന്തം കാറില്‍ ആശുപത്രിയിലെത്തിച്ച് യുവഡോക്ടര്‍

കാലടി
ഹൃദയാഘാതത്താൽ ജീവൻ നഷ്ടപ്പെടുമായിരുന്നയാളെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് യുവഡോക്ടർ. കാലടി മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഷെഹൻഷാ പരീതാണ് മാതൃകാപ്രവർത്തനം കാഴ്ചവച്ചത്. വ്യാഴം പകൽ 11 ഓടെ കാഞ്ഞൂർ വിമലാ ആശുപത്രിയിൽനിന്ന് അങ്കമാലി എൽഎഫിലേക്ക് വിദഗ്ധചികിത്സയ്ക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്ന പെരുമ്പാവൂർ ഒക്കൽ പിലാപ്പിള്ളി വീട്ടിൽ പി എ ഗോപി(57)ക്കാണ് ഡോക്ടർ രക്ഷകനായത്.
അങ്കമാലിക്കുള്ള യാത്രാമധ്യേ ആംബുലൻസിൽവച്ച് ഗോപിയുടെ ആരോഗ്യനില മോശമായി. തുടർന്ന് ഇദ്ദേഹത്തെ സമീപമുള്ള മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഷെഹൻഷാ പരീത് പരിശോധിച്ച് ഇസിജി എടുത്തപ്പോൾ കടുത്ത ഹൃദയാഘാതമാണെന്ന് ബോധ്യമായി. ഇതിനിടെ, രോഗിയെ കൊണ്ടുവന്ന ആംബുലൻസ് മടങ്ങിപ്പോയി, വേറെ വാഹനം വിളിച്ചിട്ട് എത്തിയില്ല.
രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഡോക്ടർ, സ്വന്തം വാഹനത്തിൽ രോഗിയെ എൽഎഫ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചു. ഗോപിയെ ഉടൻ സർജറിക്ക് വിധേയനാക്കി ജീവൻ രക്ഷിച്ചു.









0 comments