ഡാർക്ക്‌നെറ്റ് ലഹരിക്കേസ് ; എഡിസനെയും അരുണിനെയും വീണ്ടും ചോദ്യംചെയ്യാൻ എൻസിബി

കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് ലഹരിക്കേസ് പ്രതികളായ മൂവാറ്റുപുഴ സ്വദേശി എഡിസനെയും കൂട്ടാളിയായ അരുൺ തോമസിനെയും വീണ്ടും ചോദ്യംചെയ്യാൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ ചൊവ്വാഴ്ച കോടതിയെ സമീപിക്കും.
ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന, വിദേശത്തുനിന്ന് തപാൽമാർഗം എത്തിച്ച ലഹരിയടങ്ങിയ പാഴ്‌സലുകൾ, വിദേശബന്ധങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. ഇതിനായി ഇരുവരെയും വിശദമായി ചോദ്യംചെയ്യണമെന്നും കസ്റ്റഡി അനുവദിക്കണമെന്നുമാണ് എൻസിബിയുടെ ആവശ്യം. ആഗോളതലത്തിൽ ഏറ്റവും വലിയ എൽഎസ്‌ഡി വിൽപ്പനക്കാരായ യുകെ കേന്ദ്രമാക്കിയ ഡോ. സ്യൂസ് ഡാർക്ക്‌നെറ്റ് ഉൾപ്പെടെയുള്ള ലഹരി മാഫിയകളുമായുള്ള ബന്ധം, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായുള്ള ഇടപാടുകൾ, ലഹരിസംഘത്തിലെ മറ്റ് അംഗങ്ങൾ തുടങ്ങിയ വിവരങ്ങളാണ് എൻസിബി തേടുന്നത്.
നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കൊച്ചി യൂണിറ്റ് കെറ്റാമെലോൺ ശൃംഖല തകർത്തതും എഡിസനെയും അരുണിനെയും പിടികൂടിയതും.
പിന്നാലെ ഓസ്‌ട്രേലിയയിലേക്ക് ലഹരി കടത്തിയതിന് എഡിസന്റെ സുഹൃത്ത് ഡിയോളിനെയും ഭാര്യ അഞ്‌ജുവിനെയും അറസ്റ്റ് ചെയ്‌തു.









0 comments