'കുട്ടികളെ മോഡലാക്കൂ; ഒരുലക്ഷം നേടൂ'

Cyber Scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Aug 14, 2025, 02:12 AM | 1 min read


കൊച്ചി

‘കുട്ടികളുടെ മോഡൽ മത്സരം നിങ്ങളുടെ നഗരത്തിൽ ഇ‍ൗ വർഷം നടക്കുന്നു. നിങ്ങളുടെ കുട്ടി വിജയിച്ചാൽ ആകർഷക സമ്മാനങ്ങൾ സ്വന്തം. മാസം 80,000 മുതൽ ഒരു ലക്ഷം രൂപവരെ പ്രതിഫലവും’–സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ സൈബർ തട്ടിപ്പിലെ പരസ്യവാചകങ്ങളാണിത്‌.


18 വയസ്സുവരെയുള്ളവർക്ക്‌ പങ്കെടുക്കാമെന്നാണ്‌ വാഗ്ദാനം. രജിസ്‌ട്രേഷൻ ഫീസ്‌ സ‍ൗജന്യമെന്നും അറിയിക്കും. പ്രമുഖ ബ്രാൻഡുകളുടെ വസ്‌ത്രങ്ങൾ സ‍ൗജന്യം, ഇതണിഞ്ഞുള്ള കുട്ടികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്താൽ ഓരോ ചിത്രത്തിനും 500 രൂപ, ഇതിൽനിന്ന്‌ മികച്ച കുട്ടിമോഡലുകളെ തെരഞ്ഞെടുത്ത്‌ അവരുമായി ദീർഘകാല കരാർ ഒപ്പിടും എന്നിങ്ങനെ പോകും വാഗ്‌ദാന പെരുമഴ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ മാസം 80,000 മുതൽ ഒരുലക്ഷം രൂപവരെ പ്രതിഫലം ലഭിക്കുമെന്നും പറയും.


താൽപ്പര്യമുണ്ടെന്ന്‌ അറിയിച്ചാൽ രജിസ്‌ട്രേഷനായി കുട്ടിയുടെ പേരും വയസ്സുമടക്കമുള്ള വിവരങ്ങളും നൽകണം. കുട്ടിയുടെ ചിത്രവും ആവശ്യപ്പെടും. അടുത്തതായി രജിസ്‌ട്രേഷൻ ഫീസ്‌ ചോദിക്കും. 5000 രൂപമുതൽ തുടങ്ങും. അതും അയച്ചുകൊടുത്താൽ പിന്നെ മോഡൽ കമ്പനിക്കാരന്റെ പൊടിപോലും കാണില്ല.


ഇത്തരം സന്ദേശങ്ങളിൽ മയങ്ങിപ്പോകരുതെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു. കുട്ടികളുടെ ചിത്രങ്ങൾ നൽകിയാൽ തട്ടിപ്പുകാർ അശ്ലീല സൈറ്റിൽവരെ ദുരുപയോഗിക്കാനുമിടയുണ്ട്‌. തട്ടിപ്പിനിരയായാൽ അടുത്ത പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച്‌ പരാതി നൽകണമെന്നും സൈബർ പൊലീസ്‌ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home