5 ലക്ഷം വോട്ടർമാർ പുറത്താകും
എസ്‌ഐആർ നടപ്പാക്കരുത് : സിപിഐ എം

എസ്‌ഐആറുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗം
കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എസ്‌ഐആർ നടപ്പാക്കരുതെന്ന് സിപിഐ എം. കലക്ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. തദ്ദേശതെരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക് അതിന്റെ ചുമതലകളുണ്ട്. ഇതിനിടയിലാണ് എസ്‌ഐആർ നടപടികളുമായി തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നത്.
പഴയ വോട്ടർപട്ടിക അടിസ്ഥാനമാക്കി എസ്‌ഐആർ നടപ്പാക്കിയാൽ ജില്ലയിൽ അഞ്ചുലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്താകും. നിരവധി സങ്കീർണതകളും എസ്‌ഐആർ നടപ്പാക്കുന്നതിലുണ്ട്. ഇത്തരം വിഷയങ്ങളും തദ്ദേശതെരഞ്ഞെടുപ്പും പരിഗണിച്ച് എസ്‌ഐആർ ഇപ്പോൾ നടപ്പാക്കരുതെന്നും സിപിഐ എം ആവശ്യപ്പെട്ടു. സിപിഐയും കോൺഗ്രസും ഇൗ അഭിപ്രായത്തോട് യോജിച്ചു. എന്നാൽ, ബിജെപി വിയോജിച്ചു.
എഡിഎം വിനോദ് രാജ് അധ്യക്ഷനായി. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്‌ടർ സുനിൽ മാത്യു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി സന്തോഷ് ബാബു, ഡിസിസി സെക്രട്ടറി അബ്ദുൾ ലത്തീഫ്, ബിജെപി ജില്ലാ വൈസ്‌പ്രസിഡന്റ് എം സി അജയകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments