കൊച്ചിൻ ക്യാൻസർ സെന്ററിൽ താമസസൗകര്യം ഒരുങ്ങുന്നു

കൊച്ചി
കളമശേരിയിൽ ആരംഭിക്കുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിൽ ചികിത്സയ്‌ക്കും കൂട്ടിരിപ്പിനുമായി എത്തുന്നവർക്ക് താമസിക്കാൻ അത്യാധുനിക അമിനിറ്റി സെന്റർ ഒരുങ്ങുന്നു. ദീർഘനാളത്തെ ചികിത്സ ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന എല്ലാ സൗകര്യങ്ങളും സെന്ററിൽ ലഭ്യമാകും. സിംഗിൾ, ഡബിൾ, ഡോർമെറ്ററി രൂപത്തിലുള്ള വിശ്രമമുറികൾ, ഭക്ഷണശാല, ശുചിമുറികൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, സ്റ്റോർ റൂം, പാർക്കിങ് സൗകര്യം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
അമിനിറ്റി സെന്റർ 2027 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് സിസിആർസി ഡയറക്ടർ ഡോ. പി ജി ബാലഗോപാൽ പറഞ്ഞു. ക്യാൻസർ സെന്ററിന്റെ 30 സെന്റിൽ 22,840 ചതുരശ്ര അടി വിസ്‌തീർണത്തിൽ ആറു നിലകളിലായിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
ബിപിസിഎൽ പൊതുനന്മ ഫണ്ടിൽനിന്ന് നൽകുന്ന 11.34 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഇതു കൂടാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് ചിത്രപ്പുഴ ജംഗ്ഷൻ മുതൽ എച്ച് ഒ സി വരെ ആദ്യ ഘട്ടമായി രണ്ടുകിലോമീറ്റർ നാലുവരിപ്പാതയുടെ വികസനത്തിനും ചിത്രപ്പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം നിർമിക്കാനും ബിപിസിഎൽ 25.12 കോടി രൂപ സംഭാവന ചെയ്യും. അമിനിറ്റി സെന്ററും ചിത്രപ്പുഴയിൽ പുതിയ പാലവും നിർമിക്കുന്നതിനായി കാൻസർ ഗവേഷണ കേന്ദ്രവും സംസ്ഥാന പൊതുമരാമത്തു വകുപ്പും ബിപിസിഎലുമായി ഒപ്പുവച്ച ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കറും കാൻസർ സെന്റർ ഡയറക്ടർ ഡോ. പി ജി ബാലഗോപാലും കൈമാറി.
മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, പി വി ശ്രീനിജിൻ എംഎൽഎ എന്നിവർ പങ്കെടുത്തു.









0 comments